1 KORINTH 8

8
വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം
1വിഗ്രഹങ്ങൾക്ക് നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി നിങ്ങൾ എഴുതിയിരുന്നുവല്ലോ. “നമുക്കെല്ലാവർക്കും അറിവുണ്ട്” എന്നു പറയുന്നതു ശരിതന്നെ. അങ്ങനെയുള്ള അറിവ് ഒരുവനെ അഹന്തകൊണ്ട് ഊതിവീർപ്പിക്കുന്നു. സ്നേഹമാകട്ടെ, ആത്മീയ വളർച്ച വരുത്തുന്നു. 2തനിക്ക് എന്തൊക്കെയോ അറിയാം എന്നു ഭാവിക്കുന്നവൻ, യഥാർഥത്തിൽ അറിയേണ്ടതുപോലെ അറിഞ്ഞിട്ടില്ല. 3എന്നാൽ ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നെങ്കിൽ ദൈവം അവനെ അറിയുന്നു.
4വിഗ്രഹങ്ങൾക്കു നിവേദിച്ച ഭക്ഷണസാധനങ്ങളെപ്പറ്റി പറയട്ടെ: ദൈവം ഏകനാണെന്നും അസ്തിത്വം ഇല്ലാത്ത ഒന്നിനെയാണ് വിഗ്രഹം പ്രതിനിധാനം ചെയ്യുന്നതെന്നും നമുക്ക് അറിയാം. 5“ദൈവങ്ങൾ” എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം. സ്വർഗത്തിലാകട്ടെ, ഭൂമിയിലാകട്ടെ അങ്ങനെയുള്ള പല “ദൈവങ്ങളും” “ദേവന്മാരും” ഉണ്ടായിരുന്നാലും 6നമുക്കു പിതാവായ ഒരു ദൈവം മാത്രമേയുള്ളൂ. അവിടുന്നാണ് എല്ലാറ്റിന്റെയും സ്രഷ്ടാവ്. അവിടുത്തേക്കു വേണ്ടിയാണു നാം ജീവിക്കുന്നത്. ഒരു കർത്താവു മാത്രമേയുള്ളൂ- യേശുക്രിസ്തു. അവിടുന്നു മുഖേന സകലവും സൃഷ്‍ടിക്കപ്പെട്ടു. നാം ജീവിക്കുന്നതും അവിടുന്നു മുഖേനയാണ്.
7എന്നാൽ ഈ സത്യം എല്ലാവരും അറിയുന്നില്ല. ചിരപരിചയം ഹേതുവാൽ, വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ അത് വിഗ്രഹാർപ്പിതമെന്ന് ചിലർ കരുതുന്നു; അവരുടെ മനസ്സാക്ഷി ദുർബലമാകയാൽ, ആ ഭക്ഷണം മൂലം തങ്ങൾ മലിനരായിത്തീരുന്നു എന്ന് അവർ വിചാരിക്കുന്നു. 8ഏതായാലും ദൈവത്തോടുള്ള നമ്മുടെ ബന്ധം ഭക്ഷണംകൊണ്ടു മെച്ചപ്പെടുകയില്ല. ഭക്ഷിക്കാതിരുന്നാൽ നമുക്കു നഷ്ടമൊന്നും വരാനില്ല; ഭക്ഷിക്കുന്നെങ്കിൽ ഒട്ടു ലാഭവുമില്ല.
9എങ്ങനെയായാലും വിശ്വാസത്തിൽ ബലഹീനരായവർ പാപത്തിൽ നിപതിക്കുന്നതിനു നിങ്ങളുടെ സ്വാതന്ത്ര്യം കാരണമായി ഭവിക്കരുത്. 10“അറിവുള്ളവൻ” ആയ നീ വിഗ്രഹത്തിന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലിരുന്നു ഭക്ഷിക്കുന്നത് ദുർബലമനസ്സാക്ഷിയുള്ള ഒരുവൻ കാണുന്നു എന്നിരിക്കട്ടെ; വിഗ്രഹത്തിനു നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് അവനെ അതു പ്രേരിപ്പിക്കുകയില്ലേ? 11ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ബലഹീന സഹോദരൻ നിന്റെ “അറിവിനാൽ” അങ്ങനെ നശിച്ചുപോകുന്നു. 12ഈ വിധത്തിൽ നിന്റെ സഹോദരന്റെ ദുർബലമനസ്സാക്ഷിയെ ക്ഷതപ്പെടുത്തി അവനെതിരെ പാപം ചെയ്യുന്നതുകൊണ്ട് ക്രിസ്തുവിനെതിരെ നീ പാപം ചെയ്യുന്നു. 13എന്റെ സഹോദരൻ പാപത്തിൽ നിപതിക്കാൻ ആഹാരം ഇടയാക്കുമെങ്കിൽ അവൻ ഇടറിവീഴാൻ കാരണമാകാതിരിക്കേണ്ടതിന് ഇനിമേൽ ഞാൻ മാംസം ഭക്ഷിക്കുകയില്ല.

ទើបបានជ្រើសរើសហើយ៖

1 KORINTH 8: malclBSI

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល