YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 24

24
1ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയും അരുത്.
2അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു;
അവരുടെ അധരം വേണ്ടാതനം പറയുന്നു.
3ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു;
വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു.
4പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ
വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു.
5ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു;
പരിജ്ഞാനമുള്ളവൻ ബലം വർധിപ്പിക്കുന്നു.
6ഭരണസാമർഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും;
മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.
7ജ്ഞാനം ഭോഷന് അത്യുന്നതമായിരിക്കുന്നു;
അവൻ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.
8ദോഷം ചെയ്‍വാൻ നിരൂപിക്കുന്നവനെ
ദുഷ്കർമി എന്നു പറഞ്ഞുവരുന്നു;
9ഭോഷന്റെ നിരൂപണം പാപം തന്നെ;
പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു.
10കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ
നിന്റെ ബലം നഷ്ടം തന്നെ.
11മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക;
കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.
12ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ
ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ?
നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ?
അവൻ മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
13മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ;
തേൻകട്ട നിന്റെ അണ്ണാക്കിനു മധുരമത്രേ.
14ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക;
നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
15ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിനു പതിയിരിക്കരുത്;
അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുത്.
16നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും;
ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും.
17നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്;
അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്.
18യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും
തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
19ദുഷ്പ്രവൃത്തിക്കാർ നിമിത്തം മുഷിയരുത്;
ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.
20ദോഷിക്കു പ്രതിഫലമുണ്ടാകയില്ല;
ദുഷ്ടന്റെ വിളക്കു കെട്ടുപോകും.
21മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക;
മത്സരികളോട് ഇടപെടരുത്.
22അവരുടെ ആപത്തു പെട്ടെന്നു വരും;
രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?
23ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ.
ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.
24ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ
ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
25അവനെ ശാസിക്കുന്നവർക്കോ നന്മ ഉണ്ടാകും;
നല്ലൊരനുഗ്രഹം അവരുടെമേൽ വരും.
26നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
27വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക;
പിന്നത്തേതിൽ നിന്റെ വീടു പണിയുക.
28കാരണം കൂടാതെ കൂട്ടുകാരനു വിരോധമായി സാക്ഷി നില്ക്കരുത്;
നിന്റെ അധരംകൊണ്ടു ചതിക്കയും അരുത്.
29അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും
ഞാൻ അവന് അവന്റെ പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്.
30ഞാൻ മടിയന്റെ കണ്ടത്തിനരികെയും
ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപെയുംകൂടി പോയി.
31അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും
തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും
അതിന്റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു.
32ഞാൻ അതു നോക്കി വിചാരിക്കയും
അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു.
33കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര,
കുറെക്കൂടെ കൈ കെട്ടി കിടക്ക.
34അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും
നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy