YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 25

25
1ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ;
യെഹൂദാരാജാവായ ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.
2കാര്യം മറച്ചുവയ്ക്കുന്നതു ദൈവത്തിന്റെ മഹത്ത്വം;
കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്ത്വം.
3ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും
രാജാക്കന്മാരുടെ ഹൃദയവും അഗോചരം.
4വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന് ഒരു ഉരുപ്പടി കിട്ടും.
5രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ
അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
6രാജസന്നിധിയിൽ വമ്പു കാണിക്കരുത്;
മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്.
7നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാൾ
ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലത്.
8ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്;
അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?
9നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക;
എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും
നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്.
11തക്കസമയത്തു പറഞ്ഞ വാക്ക്
വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.
12കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകൻ
പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
13വിശ്വസ്തനായ ദൂതൻ തന്നെ അയയ്ക്കുന്നവർക്കു
കൊയ്ത്തുകാലത്തു ഹിമത്തിന്റെ തണുപ്പുപോലെ;
അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ
മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.
15ദീർഘക്ഷാന്തികൊണ്ടു ന്യായാധിപനു സമ്മതം വരുന്നു;
മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.
16നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ;
അധികം നിറഞ്ഞിട്ടു ഛർദിപ്പാൻ ഇടവരരുത്.
17കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്
അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.
18കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ
മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.
19കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത്
മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
20വിഷാദമുള്ള ഹൃദയത്തിനു പാട്ടു പാടുന്നവൻ
ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും
യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.
21ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക;
ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.
22അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും;
യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
23വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു;
ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു.
24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ
പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ
മേൽപ്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.
25ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും
ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ.
26ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ
കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം.
27തേൻ ഏറെ കുടിക്കുന്നതു നന്നല്ല;
പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.
28ആത്മസംയമം ഇല്ലാത്ത പുരുഷൻ
മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy