YouVersion Logo
Search Icon

യെഹെസ്കേൽ 46

46
1യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസിദിവസത്തിലും അതു തുറന്നിരിക്കേണം. 2എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്ന്, ഗോപുരത്തിന്റെ മുറിച്ചുവരിനരികെ നില്ക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കേണം. 3ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം. 4പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം. 5ഭോജനയാഗമായി അവൻ മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം. 6അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും അർപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം. 7ഭോജനയാഗമായി അവൻ കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയുള്ളതും ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം. 8പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നെ പുറത്തേക്കു പോകയും വേണം. 9എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കേ ഗോപുരം വഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കേഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കേ ഗോപുരം വഴിയായി വരുന്നവൻ വടക്കേ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരം വഴിയായി മടങ്ങിപ്പോകാതെ അതിനെതിരേയുള്ളതിൽക്കൂടി പുറത്തേക്കു പോകേണം. 10അവർ വരുമ്പോൾ പ്രഭുവും അവരുടെ മധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം. 11വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫായ്ക്ക് ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം. 12എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവനു തുറന്നു കൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയശേഷം ഗോപുരം അടയ്ക്കേണം. 13ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം. 14അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫായിൽ ആറിലൊന്നും നേരിയ മാവു കുഴയ്ക്കേണ്ടതിനു ഹീനിൽ മൂന്നിലൊന്ന് എണ്ണയും അർപ്പിക്കേണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം. 15ഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അർപ്പിക്കേണം. 16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കേണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കേണം. 17എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തനു തന്റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവനുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിനു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നെ ഇരിക്കേണം. 18പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്ത അവകാശത്തിൽനിന്നു തന്നെ തന്റെ പുത്രന്മാർക്ക് അവകാശം കൊടുക്കേണം. 19പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാൻ പടിഞ്ഞാറേ അറ്റത്ത് ഒരു സ്ഥലം കണ്ടു. 20അവൻ എന്നോട്: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇത് ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോകാതെയിരിപ്പാൻ തന്നെ എന്ന് അരുളിച്ചെയ്തു. 21പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലയ്ക്കലും ചെല്ലുമാറാക്കി, പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു. 22പ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിനും ഒരേ അളവായിരുന്നു. 23അവയ്ക്ക് നാലിനും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു. 24അവൻ എന്നോട്: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്ന് അരുളിച്ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy