YouVersion Logo
Search Icon

യെഹെസ്കേൽ 45

45
1ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോൾ, നിങ്ങൾ ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണം; അത് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം. 2അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന് ആയിരിക്കേണം; അതിനു ചുറ്റുപാട് അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയി കിടക്കേണം. 3ആ അളവിൽനിന്ന് നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം. 4അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവയ്ക്കു ശുശ്രൂഷ ചെയ്‍വാൻ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർക്കുള്ളതായിരിക്കേണം; അത് അവരുടെ വീടുകൾക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം. 5പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളത് ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു പാർപ്പാൻ ഗ്രാമങ്ങൾക്കായുള്ള സ്വത്തായിരിക്കേണം. 6വിശുദ്ധാംശമായ വഴിപാടിന്റെ പാർശ്വത്തിൽ നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേൽഗൃഹത്തിനൊക്കെയും ഉള്ളതായിരിക്കേണം. 7പ്രഭുവിനുള്ളതോ വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറേ അതിരുമുതൽ കിഴക്കേ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കേണം. 8അതു യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിനു കൊടുക്കേണം. 9യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽപ്രഭുക്കന്മാരേ, മതിയാക്കുവിൻ! സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിർത്തുവിൻ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 10ഒത്ത തുലാസ്സും ഒത്ത ഏഫായും ഒത്ത ബത്തും നിങ്ങൾക്കുണ്ടായിരിക്കേണം. 11ഏഫായും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം. 12ശേക്കെൽ ഒന്നിന് ഇരുപതു ഗേര ആയിരിക്കേണം; അഞ്ചു ശേക്കെൽ അഞ്ചത്രേ, പത്തു ശേക്കെൽ പത്തത്രേ, അമ്പതു ശേക്കെൽ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം. 13നിങ്ങൾ വഴിപാടു കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെർ കോതമ്പിൽനിന്ന് ഏഫായുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്ന് ഏഫായുടെ ആറിലൊന്നും കൊടുക്കേണം. 14എണ്ണയ്ക്കുള്ള പ്രമാണം: പത്തു ബത്തു കൊള്ളുന്ന ഹോമെരായ ഒരു കോരിൽനിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്ത് ബത്ത് ഒരു ഹോമെർ. 15പ്രായശ്ചിത്തം വരുത്തേണ്ടതിനു ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്റെ പുഷ്‍ടിയുള്ള മേച്ചൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 16ദേശത്തെ സകല ജനവും യിസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കേണം. 17ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാൻ പ്രഭു ബാധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന് പ്രായശ്ചിത്തം വരുത്തേണ്ടതിന് അവൻ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം. 18യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തേണം. 19പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം. 20അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴച്ചു പോയവനുവേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിനു പ്രായശ്ചിത്തം വരുത്തേണം. 21ഒന്നാം മാസം പതിന്നാലാം തീയതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹാ പെരുന്നാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം. 22അന്നു പ്രഭു തനിക്കുവേണ്ടിയും ദേശത്തിലെ സകല ജനത്തിനുവേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം. 23ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻ കുട്ടിയെയും അർപ്പിക്കേണം. 24കാള ഒന്നിന് ഒരു ഏഫായും ആട്ടുകൊറ്റൻ ഒന്നിന് ഒരു ഏഫായും ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം. 25ഏഴാം മാസം പതിനഞ്ചാം തീയതിക്കുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും എണ്ണയ്ക്കും തക്കവണ്ണം അർപ്പിക്കേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy