YouVersion Logo
Search Icon

യെഹെസ്കേൽ 14

14
1യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്ന് എന്റെ മുമ്പിൽ ഇരുന്നു. 2അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 3മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? 4അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും യഹോവയായ ഞാൻതന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന് അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിനു തക്കവണ്ണം ഉത്തരമരുളും; 5അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾ നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ. 6ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിൻ. 7യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വച്ചുകൊണ്ട് പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻതന്നെ ഉത്തരമരുളും. 8ഞാൻ ആ മനുഷ്യന്റെ നേരേ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 9എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരേ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും. 10യിസ്രായേൽഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന് 11അവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
12യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 13മനുഷ്യപുത്രാ, ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരേ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽനിന്നു ഛേദിച്ചുകളയും. 14നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 15ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും വഴിപോകാതവണ്ണം അവ അതിനെ നിർജനമാക്കിയിട്ട് അത് ശൂന്യമാകയും ചെയ്താൽ, 16ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപെടുകയുള്ളൂ; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 17അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ 18ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപെടുകയുള്ളൂ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 19അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ച്, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ, 20നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 21യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർഥകരമായ ന്യായവിധികൾ നാലുംകൂടെ അയച്ചാലോ? 22എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ട്, ഞാൻ യെരൂശലേമിനു വരുത്തിയ അനർഥവും അതിനു വരുത്തിയ സകലവുംചൊല്ലി ആശ്വാസം പ്രാപിക്കും. 23നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തത് എന്നു നിങ്ങൾ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy