YouVersion Logo
Search Icon

യെഹെസ്കേൽ 13

13
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ച്, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടത്: യഹോവയുടെ വചനം കേൾപ്പിൻ! 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാർക്ക് അയ്യോ കഷ്ടം! 4യിസ്രായേലേ, നിന്റെ പ്രവാചകന്മാർ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു. 5യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറച്ചുനില്ക്കേണ്ടതിനു നിങ്ങൾ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിനുവേണ്ടി മതിൽ കെട്ടിയിട്ടുമില്ല. 6അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ട് യഹോവയുടെ അരുളപ്പാട് എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായിവരുമെന്ന് അവർ ആശിക്കുന്നു. 7ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാട് എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നത്?
8അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ട് ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 9വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും. 10സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞ് അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അത് ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും 11അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടത്: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും. 12ചുവർ വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ? 13അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും. 14നിങ്ങൾ കുമ്മായം പൂശിയ ചുവരിനെ ഞാൻ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ട് അതിന്റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങൾ അതിന്റെ നടുവിൽ മുടിഞ്ഞുപോകും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 15അങ്ങനെ ഞാൻ ചുവരിന്മേലും അതിനു കുമ്മായം പൂശിയവരുടെമേലും എന്റെ ക്രോധത്തെ നിവൃത്തിയാക്കിയിട്ടു നിങ്ങളോട്: 16ഇനി ചുവരില്ല; അതിനു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ച്, സമാധാനമില്ലാതിരിക്കെ അതിനു സമാധാനദർശനങ്ങളെ ദർശിക്കുന്ന യിസ്രായേലിന്റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്റെ ജനത്തിന്റെ പുത്രിമാരുടെ നേരേ നിന്റെ മുഖം തിരിച്ച് അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ: 18യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിനു കൈയേപ്പുകൾക്ക് ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലയ്ക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു. 19മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങൾ, ഭോഷ്കു കേൾക്കുന്ന എന്റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്റെ ജനത്തിന്റെ ഇടയിൽ ഒരുപിടി യവത്തിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു. 20അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകൾക്കു ഞാൻ വിരോധമായിരിക്കുന്നു; ഞാൻ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളെ, നിങ്ങൾ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നെ വിടുവിക്കും. 21നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ പറിച്ചുകീറി എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; അവർ ഇനി നിങ്ങളുടെ കൈയിൽ വേട്ടയായിരിക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 22ഞാൻ ദുഃഖിപ്പിക്കാത്ത നീതിമാന്റെ ഹൃദയത്തെ നിങ്ങൾ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്റെ ദുർമാർഗം വിട്ടുതിരിഞ്ഞ് ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങൾ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് 23നിങ്ങൾ ഇനി വ്യാജം ദർശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാൻ എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy