യാക്കോബ് 1:2-14
യാക്കോബ് 1:2-14 MCV
എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക. എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ. നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും. എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം. ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്; ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു. താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ. ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ. സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു. പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും. പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല. എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്.