YouVersion Logo
Search Icon

യിരെ. 4

4
1“യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്റെ അടുക്കലേക്ക് മടങ്ങി വന്നുകൊള്ളുക” എന്ന് യഹോവയുടെ അരുളപ്പാട്; നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരുകയില്ല. 2‘യഹോവയാണ’ എന്ന് നീ പരമാർത്ഥമായും ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ, ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും”. 3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, തരിശുനിലം ഉഴുവിൻ”. 4“യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ആയവരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച്, ആർക്കും കെടുത്തിക്കൂടാത്തവിധം കത്താതിരിക്കേണ്ടതിന് നിങ്ങളെത്തന്നെ യഹോവയ്ക്കായി സമര്‍പ്പിപ്പിന്‍. നിങ്ങളുടെ ഹൃദയത്തിന്റെ കാഠിന്യം നീക്കിക്കളയുവിൻ. 5യെഹൂദയിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; ‘കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്ക് പോകാം’ എന്ന് ഉറക്കെ വിളിച്ചുപറയുവിൻ. 6സീയോനു കൊടി ഉയർത്തുവിൻ; നില്‍ക്കാതെ ഓടിപ്പോകുവിൻ; ഞാൻ വടക്കുനിന്ന് അനർത്ഥവും വലിയ നാശവും വരുത്തും. 7സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; ജനതകളുടെ സംഹാരകൻ ഇതാ, നിന്റെ ദേശത്തെ ശൂന്യമാക്കുവാൻ തന്റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ പട്ടണങ്ങളെ നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും. 8ഇതു നിമിത്തം രട്ടുടുക്കുവിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ. 9അന്നാളിൽ രാജാവിന്റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും” എന്ന് യഹോവയുടെ അരുളപ്പാട്. 10അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കുമ്പോൾ ‘നിങ്ങൾക്ക് സമാധാനം’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ” എന്നു പറഞ്ഞു. 11ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റ് പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ പ്രവഹിക്കും. 12ഇതിലും ശക്തമായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും”. 13“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’ 14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും. 15ദാന്‍ പട്ടണത്തില്‍ നിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനർത്ഥം പ്രസിദ്ധമാക്കുന്നു. 16ജനതകളോടു പ്രസ്താവിക്കുവിൻ; ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ എന്ന് യെരൂശലേമിനോട് അറിയിക്കുവിൻ. 17അവൾ എന്നോട് മത്സരിച്ചിരിക്കുകകൊണ്ട് അവർ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരെ വന്ന് ചുറ്റിവളഞ്ഞിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. 18“നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു ഇവ നിനക്ക് വന്നത്; ഇത്ര കൈപ്പായിരിക്കുവാനും നിന്റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നെ”.
19അയ്യോ എന്റെ ഉള്ളം, എന്റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; ദേശമൊക്കെയും ശൂന്യമായി പെട്ടെന്ന് എന്റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം എന്റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 21എത്രത്തോളം ഞാൻ യുദ്ധത്തിന്റെ കൊടി കണ്ട് കാഹളധ്വനി കേൾക്കേണ്ടിവരും? 22“എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ”. 23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 24ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു. 26ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു. 27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളയുകയില്ല. 28ഇതു നിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല. 29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല. 30“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്ത് ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്ക് സൗന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ച് നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. 31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: ‘അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ എന്ന് പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ”.

Currently Selected:

യിരെ. 4: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy