YouVersion Logo
Search Icon

യിരെ. 3

3
1“ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ അവനെ വിട്ട് മറ്റൊരു പുരുഷന് ഭാര്യയായിമാറുകയും ചെയ്തശേഷം അവൻ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകുകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കൽ മടങ്ങിവരുവാൻ നീ വിചാരിക്കുന്നുവോ” എന്ന് യഹോവയുടെ അരുളപ്പാട്. 2“മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു. 3അതുകൊണ്ട് മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു. 4നീ ഇന്നുമുതൽ എന്നോട്: ‘എന്റെ പിതാവേ, നീ എന്റെ യൗവനത്തിലെ സഖി’ എന്ന് വിളിച്ചുപറയുകയില്ലയോ? 5‘അവിടുന്ന് എന്നേക്കും കോപം സംഗ്രഹിക്കുമോ? അവിടുന്ന് സദാകാലം അത് വച്ചുകൊണ്ടിരിക്കുമോ?’ എന്നിങ്ങനെ പറഞ്ഞ് നിനക്ക് കഴിയുന്ന വിധത്തിലെല്ലാം നീ ദുഷ്ടത പ്രവർത്തിച്ചുമിരിക്കുന്നു”.
6യോശീയാരാജാവിന്റെ കാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവൾ ഉയരമുള്ള എല്ലാമലമുകളിലും എല്ലാ പച്ചമരത്തിൻകീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു. 7ഇതെല്ലാം ചെയ്തശേഷം ‘എന്റെ അടുക്കൽ മടങ്ങിവരുക’ എന്നു ഞാൻ പറഞ്ഞു: എന്നാൽ അവൾ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ അത് കണ്ടു. 8വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്തതിനാൽ ഞാൻ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത്, വിശ്വാസപാതകിയായ അവളുടെ സഹോദരി യെഹൂദാ കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്ന് പരസംഗം ചെയ്തു. 9ലാഘവത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവൾ വ്യഭിചാരം ചെയ്തു. 10ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്ക് മടങ്ങിവന്നിട്ടില്ല” എന്ന് യഹോവയുടെ അരുളപ്പാട്. 11“വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദയെക്കാൾ നീതിയുള്ളവൾ” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു. 12“നീ ചെന്ന് വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: ‘വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ എന്ന് യഹോവയുടെ അരുളപ്പാട്. ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്. 13“നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു; പച്ചമരത്തിൻ കീഴിലൊക്കെയും അന്യദേവന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും, എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക” എന്ന് യഹോവയുടെ അരുളപ്പാട്. 14“വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുവനെയും ഒരു കുടുംബത്തിൽ രണ്ടുപേരെയും വീതം എടുത്ത് സീയോനിലേക്കു കൊണ്ടുവരും. 15ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടി മേയിക്കും. 16അങ്ങനെ നിങ്ങൾ ദേശത്തു വർദ്ധിച്ചുപെരുകുന്ന കാലത്ത്: ‘യഹോവയുടെ നിയമപെട്ടകം’ എന്ന് ഇനി പറയുകയില്ല, അത് മനസ്സിൽ വരുകയില്ല, അതിനെ ഓർക്കുകയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്. 17ആ കാലത്ത് യെരൂശലേമിന് ‘യഹോവയുടെ സിംഹാസനം’ എന്ന് പേരാകും; സകലജനതകളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമംനിമിത്തം വന്നുചേരും; അവരുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കുകയുമില്ല. 18ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽ ഗൃഹത്തോട് ചേർന്ന്, അവർ ഒന്നിച്ച് വടക്കെ ദിക്കിൽ#3:18 വടക്കെ ദിക്കിൽ വടക്കേ ദിക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അസ്സിറിയയും ബാബിലോണുമാണ്‌. ഇത്722 ബി സിയിലെ ശമര്യയുടെയും586 ബി സിയിലെ യെരുശലേമിന്റെയും പതനത്തെ സൂചിപ്പിക്കുന്നു. ഈ രാജ്യങ്ങളിലാണ് യെഹൂദയും യിസ്രായേലും പ്രവാസികളായിരുന്നത്. നിന്നു പുറപ്പെട്ട്, ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് വരും. 19ഞാൻ നിന്നെ ദത്തെടുത്ത്, നിനക്ക് ജനതകളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്ന് വിചാരിച്ചു; നീ എന്നെ: ‘എന്റെ പിതാവേ’ എന്നു വിളിച്ച്, എന്നെ വിട്ടുമാറാതെയിരിക്കും എന്നും ഞാൻ വിചാരിച്ചു. 20യിസ്രായേൽ ഗൃഹമേ, ഒരു ഭാര്യ ഭർത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങൾ എന്നോട് വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. 21“യിസ്രായേൽ മക്കൾ വളഞ്ഞ വഴികളിൽ നടന്ന് അവരുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവർ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേൾക്കുന്നു! 22വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു; അവിടുന്ന് ഞങ്ങളുടെ ദൈവമായ യഹോവയല്ലോ. 23കുന്നുകളിൽ നിന്നും അനേകം പർവ്വതങ്ങളിൽ നിന്നും രക്ഷ വന്നുചേരുമെന്ന് പ്രത്യാശിക്കുന്നത് വ്യർത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിനു രക്ഷയുള്ളു. 24ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ലജ്ജ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. 25ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടുമില്ല”.

Currently Selected:

യിരെ. 3: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy