YouVersion Logo
Search Icon

രൂത്ത് 4

4
1എന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്ന് ഇവിടെ ഇരിക്ക എന്ന് അവനോടു പറഞ്ഞു. അവൻ ചെന്ന് അവിടെ ഇരുന്നു. 2പിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു. 3അപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞത്: മോവാബ്‍ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലയ്ക്കു വാങ്ങുക; 4നിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന് എന്നോടു പറക; നീയും നീ കഴിഞ്ഞിട്ട് ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല. 5അതിന് അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു. 6അതിന് വീണ്ടെടുപ്പുകാരൻ: എനിക്ക് അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്തഅവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു. 7എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരുപ്പൂരി മറ്റേവനു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം. 8അങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോട്: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരുപ്പൂരിക്കൊടുത്തു. 9അപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനുള്ളതൊക്കെയും കില്യോനും മഹ്ലോനും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിനു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു. 10അത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന് മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു. 11അതിന് പട്ടണവാതിൽക്കൽ ഇരുന്ന സകല ജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നെ; നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയായെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതത്; എഫ്രാത്തയിൽ നീ പ്രബലനും ബേത്‍ലഹേമിൽ വിശ്രുതനുമായിരിക്ക. 12ഈ യുവതിയിൽനിന്ന് യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദായ്ക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹംപോലെ ആയിത്തീരട്ടെ. 13ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭം നല്കി; അവൾ ഒരു മകനെ പ്രസവിച്ചു. 14എന്നാറെ സ്ത്രീകൾ നൊവൊമിയോട്: ഇന്നു നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ട് യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ. 15അവൻ നിനക്ക് ആശ്വാസപ്രദനും നിന്റെ വാർധക്യത്തിൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്ക് ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്നു പറഞ്ഞു. 16നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവനു ധാത്രിയായിത്തീർന്നു. 17അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്ക് ഒരു മകൻ ജനിച്ചു എന്നു പറഞ്ഞ് അവന് ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻതന്നെ.
18ഫേരെസിന്റെ വംശപാരമ്പര്യമാവിത്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു. 19രാം അമ്മീനാദാബിനെ ജനിപ്പിച്ചു. 20അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സൽമോനെ ജനിപ്പിച്ചു. 21സൽമോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു. 22ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy