YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 59

59
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണഗീതം. അവനെ കൊല്ലേണ്ടതിനു ശൗൽ അയച്ച ആളുകൾ വീടു കാത്തിരുന്ന കാലത്തു ചമച്ചത്.
1എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ;
എന്നോട് എതിർക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ.
2നീതികേടു പ്രവർത്തിക്കുന്നവരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു
രക്തപാതകന്മാരുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ.
3ഇതാ, അവർ എന്റെ പ്രാണനായി പതിയിരിക്കുന്നു;
യഹോവേ, ബലവാന്മാർ എന്റെ നേരേ കൂട്ടം കൂടുന്നത്
എന്റെ അതിക്രമം ഹേതുവായിട്ടല്ല; എന്റെ പാപം ഹേതുവായിട്ടുമല്ല.
4എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു;
എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.
5സൈന്യങ്ങളുടെ ദൈവമായ യഹോവേ,
യിസ്രായേലിന്റെ ദൈവമേ,
സകല ജാതികളെയും സന്ദർശിക്കേണ്ടതിനു നീ ഉണരേണമേ;
നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
6സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;
നായെപ്പോലെ കുരച്ചുംകൊണ്ട് അവർ പട്ടണത്തിനു ചുറ്റും നടക്കുന്നു.
7അവർ തങ്ങളുടെ വായ്കൊണ്ട് ശകാരിക്കുന്നു;
വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്;
ആർ കേൾക്കും എന്ന് അവർ പറയുന്നു.
8എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും;
നീ സകല ജാതികളെയും പരിഹസിക്കും.
9എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും;
ദൈവം എന്റെ ഗോപുരമാകുന്നു.
10എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും;
ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
11അവരെ കൊന്നുകളയരുതേ;
എന്റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ;
ഞങ്ങളുടെ പരിചയാകുന്ന കർത്താവേ,
നിന്റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
12അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും
അവർ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും
അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ.
13കോപത്തോടെ അവരെ സംഹരിക്കേണമേ;
അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ;
ദൈവം യാക്കോബിൽ വാഴുന്നു എന്ന്
ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
14സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവർ നഗരത്തിനു ചുറ്റും നടക്കുന്നു.
15അവർ ആഹാരത്തിനായി ഉഴന്നുനടക്കുന്നു,
തൃപ്തിയായില്ലെങ്കിൽ അവർ രാത്രി മുഴുവനും താമസിക്കുന്നു.
16ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ
ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതി പാടും;
ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy