YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 19:1-14

സങ്കീർത്തനങ്ങൾ 19:1-14 MALOVBSI

ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല. ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു. അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളനു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. ആകാശത്തിന്റെ അറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല. യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്. തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ. സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy