YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 107

107
അഞ്ചാം പുസ്തകം.
1യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ
അവന്റെ ദയ എന്നേക്കുമുള്ളത്!
2യഹോവ വൈരിയുടെ കൈയിൽനിന്നു വീണ്ടെടുക്കയും
കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
3ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ
അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു;
പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
5അവർ വിശന്നും ദാഹിച്ചും ഇരുന്നു;
അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
6അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
7അവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്
അവൻ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി.
8അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
9അവൻ ആർത്തിയുള്ളവനു തൃപ്തിവരുത്തുകയും
വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.
10ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും
അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ട്
ഇരുളിലും അന്ധതമസ്സിലും ഇരുന്നു
11അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ-
12അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി;
അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
13അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.
14അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു;
അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
15അവർ യഹോവയെ, അവന്റെ നന്മയെച്ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
16അവൻ താമ്രകതകുകളെ തകർത്തു,
ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു.
17ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ
ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾ നിമിത്തവും കഷ്ടപ്പെട്ടു.
18അവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
19അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
20അവൻ തന്റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി;
അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
21അവർ യഹോവയെ അവന്റെ നന്മയെച്ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
22അവർ സ്തോത്രയാഗങ്ങളെ കഴിക്കയും
സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണിക്കയും ചെയ്യട്ടെ.
23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
24അവർ യഹോവയുടെ പ്രവൃത്തികളെയും
ആഴിയിൽ അവന്റെ അദ്ഭുതങ്ങളെയും കണ്ടു.
25അവൻ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു,
അത് അതിലെ തിരകളെ പൊങ്ങുമാറാക്കി.
26അവർ ആകാശത്തിലേക്ക് ഉയർന്നു,
വീണ്ടും ആഴത്തിലേക്ക് താണു,
അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
27അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു;
അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
28അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
29അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
30ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;
അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു.
31അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
32അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും
മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.
33നിവാസികളുടെ ദുഷ്ടതനിമിത്തം
അവൻ നദികളെ മരുഭൂമിയും
34നീരുറവുകളെ വരണ്ട നിലവും
ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.
35അവൻ മരുഭൂമിയെ ജലതടാകവും
വരണ്ട നിലത്തെ നീരുറവുകളും ആക്കി.
36വിശന്നവരെ അവൻ അവിടെ പാർപ്പിച്ചു;
അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും
37നിലം വിതയ്ക്കയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
38അവൻ അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി;
അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
അവർ പിന്നെയും കുറഞ്ഞു താണുപോയി.
40അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
41അവൻ ദരിദ്രനെ പീഡയിൽനിന്ന് ഉയർത്തി
അവന്റെ കുലങ്ങളെ ആട്ടിൻകൂട്ടം പോലെ ആക്കി.
42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും;
നീതികെട്ടവരൊക്കെയും വായ് പൊത്തും.
43ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും;
അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy