YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 106

106
1യഹോവയെ സ്തുതിപ്പിൻ; യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
അവൻ നല്ലവനല്ലോ;
അവന്റെ ദയ എന്നേക്കും ഉള്ളത്.
2യഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണിക്കും?
അവന്റെ സ്തുതിയെയൊക്കെയും ആർ വിവരിക്കും?
3ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവരും ഭാഗ്യവാന്മാർ.
4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിനും
നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും
നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിനും
5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്,
നിന്റെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കേണമേ.
6ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു;
ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.
7ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവച്ച്
നിന്റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും
നിന്റെ മഹാദയയെ ഓർക്കാതെയും
കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു.
8എന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്
തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
9അവൻ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി;
അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.
10അവൻ പകയന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചു;
ശത്രുവിന്റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു;
അവരിൽ ഒരുത്തനും ശേഷിച്ചില്ല.
12അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു;
അവനു സ്തുതിപാടുകയും ചെയ്തു.
13എങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു;
അവന്റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല.
14മരുഭൂമിയിൽവച്ച് അവർ ഏറ്റവും മോഹിച്ചു;
നിർജനപ്രദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15അവർ അപേക്ഷിച്ചത് അവൻ അവർക്കു കൊടുത്തു;
എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.
16പാളയത്തിൽവച്ച് അവർ മോശെയോടും
യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
17ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
18അവരുടെ കൂട്ടത്തിൽ തീ കത്തി;
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19അവർ ഹോറേബിൽവച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി;
വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
20ഇങ്ങനെ അവർ തങ്ങളുടെ മഹത്ത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദൃശനാക്കിത്തീർത്തു.
21മിസ്രയീമിൽ വലിയ കാര്യങ്ങളും
ഹാമിന്റെ ദേശത്ത് അദ്ഭുതപ്രവൃത്തികളും
22ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി
തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.
23ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു;
അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ
അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ
അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
24അവർ മനോഹരദേശത്തെ നിരസിച്ചു;
അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
25അവർ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു;
യഹോവയുടെ വചനം കേൾക്കാതെയിരുന്നു.
26അതുകൊണ്ട് അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും
അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും
27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും
അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യം ചെയ്തു.
28അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു;
പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
29ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു;
പെട്ടെന്ന് ഒരു ബാധ അവർക്കു തട്ടി.
30അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി;
ബാധ നിർത്തലാകയും ചെയ്തു.
31അത് എന്നേക്കും തലമുറതലമുറയായി
അവന് നീതിയായി എണ്ണിയിരിക്കുന്നു.
32മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു;
അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.
33അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട്
അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
34യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ
അവർ ജാതികളെ നശിപ്പിച്ചില്ല.
35അവർ ജാതികളോട് ഇടകലർന്ന്
അവരുടെ പ്രവൃത്തികളെ പഠിച്ചു.
36അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു;
അവ അവർക്കൊരു കെണിയായിത്തീർന്നു.
37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും
അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.
38അവർ കുറ്റമില്ലാത്ത രക്തം,
പുത്രീപുത്രന്മാരുടെ രക്തം തന്നെ ചൊരിഞ്ഞു;
അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലി കഴിച്ചു,
ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു.
39ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു,
തങ്ങളുടെ കർമങ്ങളാൽ പരസംഗം ചെയ്തു.
40അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരേ ജ്വലിച്ചു;
അവൻ തന്റെ അവകാശത്തെ വെറുത്തു.
41അവൻ അവരെ ജാതികളുടെ കൈയിൽ ഏല്പിച്ചു;
അവരെ പകച്ചവർ അവരെ ഭരിച്ചു.
42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി;
അവർ അവർക്കു കീഴടങ്ങേണ്ടിവന്നു.
43പലപ്പോഴും അവൻ അവരെ വിടുവിച്ചു;
എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു;
തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.
44എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ
അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
45അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു;
തന്റെ മഹാദയപ്രകാരം അനുതപിച്ചു.
46അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം
അവരോടു കനിവു തോന്നുമാറാക്കി.
47ഞങ്ങളുടെ ദൈവമായ യഹോവേ,
ഞങ്ങളെ രക്ഷിക്കേണമേ;
നിന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വാനും
നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും
ജാതികളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ.
48യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy