YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 20

20
1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു;
അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
2രാജാവിന്റെ ഭീഷണം സിംഹഗർജനം പോലെ;
അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷനു മാനം;
എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
4മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു;
കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം;
വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
6മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും;
എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?
7പരമാർഥതയിൽ നടക്കുന്നവൻ നീതിമാൻ;
അവന്റെശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്
തന്റെ കണ്ണുകൊണ്ടു സകല ദോഷത്തെയും പേറ്റിക്കളയുന്നു.
9ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു
പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്ന് ആർക്കു പറയാം?
10രണ്ടുതരം തൂക്കവും രണ്ടുതരം അളവും
രണ്ടും ഒരുപോലെ യഹോവയ്ക്കു വെറുപ്പ്.
11ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി
വെടിപ്പും നേരുമുള്ളതാകുമോ എന്ന് അറിയാം.
12കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്,
ഇവ രണ്ടും യഹോവ ഉണ്ടാക്കി.
13ദരിദ്രനാകാതെയിരിക്കേണ്ടതിനു നിദ്രാപ്രിയനാകരുത്;
നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
14വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു;
വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവൻ പ്രശംസിക്കുന്നു.
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ;
പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
16അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യനു മധുരം;
പിന്നത്തേതിലോ അവന്റെ വായിൽ ചരൽ നിറയും.
18ഉദ്ദേശ്യങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു;
ആകയാൽ ഭരണസാമർഥ്യത്തോടെ യുദ്ധം ചെയ്ക.
19നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
ആകയാൽ വിടുവായനോട് ഇടപെടരുത്.
20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ
അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.
21ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം;
അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
22ഞാൻ ദോഷത്തിനു പ്രതികാരം ചെയ്യുമെന്നു നീ പറയരുത്;
യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
23രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്;
കള്ളത്തുലാസും കൊള്ളരുത്.
24മനുഷ്യന്റെ ഗതികൾ യഹോവയാൽ നിയമിക്കപ്പെടുന്നു;
പിന്നെ മനുഷ്യനു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
25'ഇതു നിവേദിതം' എന്നു തത്രപ്പെട്ടു നേരുന്നതും
നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യനു ഒരു കെണി.
26ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പേറ്റിക്കളയുന്നു;
അവരുടെമേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു.
27മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം;
അതു ഉദരത്തിന്റെ അറകളെയൊക്കെയും ശോധനചെയ്യുന്നു.
28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു.
ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
29യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ;
വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
30ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും
പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy