YouVersion Logo
Search Icon

ഓബദ്യാവ് 1

1
1ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് എദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിൻ; നാം അവളുടെ നേരേ യുദ്ധത്തിനു പുറപ്പെടുക. 2ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു. 3പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു. 4നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്. 5കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ- നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു- അവർ തങ്ങൾക്കു മതിയാകുവോളം മോഷ്‍ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ? 6ഏശാവിനുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ? 7നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവയ്ക്കുന്നു; അവനു ബുദ്ധി ഒട്ടും ഇല്ല. 8അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. 9ഏശാവിന്റെ പർവതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും. 10നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. 11നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാർ അവന്റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു. 12നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല. 13എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല. 14അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല. 15സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽതന്നെ മടങ്ങിവരും. 16നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽ വച്ചു കുടിച്ചതുപോലെ സകല ജാതികളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും. 17എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും. 18അന്നു യാക്കോബുഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിനു ശേഷിപ്പ് ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. 19തെക്കേ ദേശക്കാർ ഏശാവിന്റെ പർവതവും താഴ്വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും. 20ഈ കോട്ടയിൽനിന്നു പ്രവാസികളായിപോയ യിസ്രായേൽമക്കൾ സാരെഫാത്ത്‍വരെ കനാന്യർക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കേദേശത്തെ പട്ടണങ്ങളും കൈവശമാക്കും. 21ഏശാവിന്റെ പർവതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാർ സീയോൻപർവതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy