YouVersion Logo
Search Icon

സംഖ്യാപുസ്തകം 27

27
1അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. 2അവർ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർ പുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞത് എന്തെന്നാൽ: 3ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല. 4ഞങ്ങളുടെ അപ്പനു മകൻ ഇല്ലായ്കകൊണ്ട് അവന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്ത്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരേണം. 5മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വച്ചു. 6യഹോവ മോശെയോട് അരുളിച്ചെയ്തത്: 7സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. 8നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം. 9അവനു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം. 10അവനു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം. 11അവന്റെ അപ്പനു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കേണം; അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.
12അനന്തരം യഹോവ മോശെയോടു കല്പിച്ചത്: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. 13അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും. 14സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ. 15അപ്പോൾ മോശെ യഹോവയോട്: 16യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും അകത്തു കൊണ്ടുവരുവാനും 17സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു. 18യഹോവ മോശെയോടു കല്പിച്ചത്: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ച് അവന്റെമേൽ കൈവച്ച് 19അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്ക. 20യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ മഹിമയിൽ ഒരംശം അവന്റെമേൽ വയ്ക്കേണം. 21അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്ക്കേണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീം മുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവസഭയും അവന്റെ വാക്കുപ്രകാരം പോകയും അവന്റെ വാക്കുപ്രകാരം വരികയും വേണം. 22യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. 23അവന്റെമേൽ കൈവച്ചു യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy