YouVersion Logo
Search Icon

സംഖ്യാപുസ്തകം 26

26
1ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും: 2യിസ്രായേൽമക്കളുടെ സർവസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു. 3അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽവച്ച് അവരോട്: 4യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു.
5യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം; 6ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം. 7ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ. 8പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്. 9എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർതന്നെ; 10ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു. 11എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.
12ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം; 13സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം. 14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തി ഇരുനൂറു പേർ.
15ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; 16ശൂനിയിൽനിന്നു ശൂനീയകുടുംബം; ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം; 17അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം. 18അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറു പേർ.
19യെഹൂദായുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഓനാനും കനാൻദേശത്തുവച്ചു മരിച്ചുപോയി. 20യെഹൂദായുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലായിൽനിന്ന് ശേലാന്യകുടുംബം; ഫേരെസിൽനിന്ന് ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം. 21ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം. 22അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറു പേർ.
23യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽനിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം; 24യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം. 25അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർ കുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തി മുന്നൂറു പേർ.
26സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം. 27അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറു പേർ.
28യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും. 29മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം. 30ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽനിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം. 31അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശെഖേമിൽനിന്നു ശെഖേമ്യകുടുംബം. 32ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം. 33ഹേഫെരിന്റെ മകനായ സെലോഫഹാദിനു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസ്സാ എന്നിവരായിരുന്നു. 34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തി എഴുനൂറു പേർ. 35എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെര്യകുടുംബം; 36തഹനിൽനിന്നു തഹന്യകുടുംബം, ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്ന് ഏരാന്യകുടുംബം. 37അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറു പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.
38ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം; 39ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം. 40ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം. 41ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറുപേർ.
42ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യകുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു. 43ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തി നാനൂറു പേർ.
44ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വിയിൽനിന്നു യിശ്വീയകുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം. 45ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം. 46ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ. 47ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തി നാനൂറു പേർ.
48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം. 49യേസെരിൽനിന്നു യേസെര്യകുടുംബം; ശില്ലേമിൽനിന്നു ശില്ലേമ്യകുടുംബം. 50ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറു പേർ. 51യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പതു പേർ.
52പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: 53ഇവർക്ക് ആളെണ്ണത്തിന് ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചുകൊടുക്കേണം. 54ആളേറെയുള്ളവർക്ക് അവകാശം ഏറെയും ആൾ കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്റെ ആളെണ്ണത്തിന് ഒത്തവണ്ണം അവകാശം കൊടുക്കേണം. 55ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കേണം. 56ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.
57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം. 58ലേവ്യകുടുംബങ്ങൾ ആവിത്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു. 59അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു. 60അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. 61എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി. 62ഒരു മാസം പ്രായംമുതൽ മേലോട്ട് അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തിമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.
63യെരീഹോവിന്റെ സമീപത്തു യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർതന്നെ. 64എന്നാൽ മോശെയും അഹരോൻപുരോഹിതനും സീനായിമരുഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. 65അവർ മരുഭൂമിയിൽവച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy