YouVersion Logo
Search Icon

സംഖ്യാപുസ്തകം 24

24
1യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവയ്ക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു. 2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു; 3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
ബെയോരിന്റെ മകനായ ബിലെയാം പറയുന്നു;
4കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ,
സർവശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
5യാക്കോബേ, നിന്റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾ പോലെതന്നെ.
7അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു;
അവന്റെ വിത്തിനു വെള്ളം ധാരാളം;
അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ;
അവന്റെ രാജത്വം ഉന്നതംതന്നെ.
8ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു;
കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു;
അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹികണക്കെത്തന്നെ; ആർ അവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരേ ജ്വലിച്ചു; അവൻ കൈ ഞെരിച്ചു ബിലെയാമിനോട്: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവദിക്കയത്രേ ചെയ്തിരിക്കുന്നു. 11ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു. 12അതിനു ബിലെയാം ബാലാക്കിനോടു പറഞ്ഞത്: ബാലാക് തന്റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാൻ പറകയുള്ളൂ 13എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ? 14ഇപ്പോൾ ഇതാ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം. 15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,
അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവശക്തന്റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
17ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും
തുമുലപുത്രന്മാരെയൊക്കെയും സംഹരിക്കയും ചെയ്യും.
18എദോം ഒരു അധീനദേശമാകും;
ശത്രുവായ സേയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;
ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽ നിന്നു നശിപ്പിക്കും.
20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:
അമാലേക് ജാതികളിൽ മുമ്പൻ;
അവന്റെ അവസാനമോ നാശം അത്രേ.
21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:
നിന്റെ നിവാസം ഉറപ്പുള്ളത്;
നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22എങ്കിലും കേന്യനു നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?
23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:
ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
24കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും,
ഏബെരിനെയും താഴ്ത്തും.
അവനും നിർമ്മൂലനാശം ഭവിക്കും.
25അതിന്റെശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy