YouVersion Logo
Search Icon

സംഖ്യാപുസ്തകം 23

23
1അനന്തരം ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 2ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു; 3പിന്നെ ബിലെയാം ബാലാക്കിനോട്: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോട് അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി. 4ദൈവം ബിലെയാമിനു പ്രത്യക്ഷനായി; ബിലെയാം അവനോട്: ഞാൻ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു. 5എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം എന്നു കല്പിച്ചു. 6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. 7അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
ബാലാക് എന്നെ അരാമിൽനിന്നും
മോവാബ്‍രാജാവ് പൂർവപർവതങ്ങളിൽ നിന്നും വരുത്തി:
ചെന്നു യാക്കോബിനെ ശപിക്ക;
ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും?
യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?
9ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു;
ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു;
ഇതാ തനിച്ചു പാർക്കുന്നൊരു ജനം;
ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10യാക്കോബിന്റെ ധൂളിയെ ആർക്ക് എണ്ണാം?
യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം?
ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ;
എന്റെ അവസാനം അവൻറേതുപോലെ ആകട്ടെ.
11ബാലാക് ബിലെയാമിനോട്: നീ എന്നോട് ഈ ചെയ്തത് എന്ത്? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 12അതിന് അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്ന് ഉത്തരം പറഞ്ഞു. 13ബാലാക് അവനോട്: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കേണം എന്നു പറഞ്ഞു. 14ഇങ്ങനെ അവൻ പിസ്ഗാകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിത് ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15പിന്നെ അവൻ ബാലാക്കിനോട്: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നില്ക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു. 16യഹോവ ബിലെയാമിനു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറക എന്നു കല്പിച്ചു. 17അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക് അവനോട്: യഹോവ എന്ത് അരുളിച്ചെയ്തു എന്നു ചോദിച്ചു. 18അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
ബാലാക്കേ, എഴുന്നേറ്റു കേൾക്ക;
സിപ്പോരിന്റെ പുത്രാ, എനിക്കു ചെവിതരിക.
19വ്യാജം പറവാൻ ദൈവം മനുഷ്യനല്ല;
അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല;
താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ?
താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?
20അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു;
അവൻ അനുഗ്രഹിച്ചിരിക്കുന്നു;
എനിക്ക് അതു മറിച്ചുകൂടാ.
21യാക്കോബിൽ തിന്മ കാൺമാനില്ല;
യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല;
അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു;
രാജകോലാഹലം അവരുടെ മധ്യേ ഉണ്ട്.
22ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു;
കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്.
23ആഭിചാരം യാക്കോബിനു പറ്റുകയില്ല;
ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല;
ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും:
ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവൂ.
24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു;
ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു;
അവൻ ഇര പിടിച്ചു തിന്നാതെയും
നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
25അപ്പോൾ ബാലാക് ബിലെയാമിനോട്: അവരെ ശപിക്കയും വേണ്ട അനുഗ്രഹിക്കയും വേണ്ട എന്നു പറഞ്ഞു. 26ബിലെയാം ബാലാക്കിനോട്: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോട് പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു. 27ബാലാക് ബിലെയാമിനോട്: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിനു പക്ഷേ സമ്മതം ആകും എന്നു പറഞ്ഞു. 28അങ്ങനെ ബാലാക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 30ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy