YouVersion Logo
Search Icon

മത്തായി 13

13
1അന്ന് യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു. 2വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ട് അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ ഇരുന്നു. 3അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. 4വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു. 5ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിനു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. 6സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേർ ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി. 7മറ്റുചിലതു മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. 8മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. 9ചെവിയുള്ളവൻ കേൾക്കട്ടെ.
10പിന്നെ ശിഷ്യന്മാർ അടുക്കൽ വന്ന്: അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. 11അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗരാജ്യത്തിന്റെ മർമങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. 12ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും. 13അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.
14“നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണ് അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനു തന്നെ”
15എന്നു യെശയ്യാവ് പറഞ്ഞ പ്രവാചകത്തിന് അവരിൽ നിവൃത്തിവരുന്നു. 16എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. 17ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാൺമാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 18എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. 19ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. 20പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. 21വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. 22മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. 23നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.
24അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. 25മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. 26ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. 27അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. 28ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. 29അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. 30രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു.
31മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. 32അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായിത്തീരുന്നു.
33അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു. 34ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല.
35“ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനംമുതൽ ഗൂഢമായത് ഉച്ചരിക്കും”
എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു.
36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്ന് അപേക്ഷിച്ചു. 37അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; 38നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ; 39കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതച്ച ശത്രു പിശാച്; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. 40കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. 41മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമം പ്രവർത്തിക്കുന്നവരെയും 42കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. 43അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
44സ്വർഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി.
45പിന്നെയും സ്വർഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. 46അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി.
47പിന്നെയും സ്വർഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം. 48നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരയ്ക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. 49അങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും; 50അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
51ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് അവർ ഉവ്വ് എന്നു പറഞ്ഞു. 52അവൻ അവരോട്: അതുകൊണ്ടു സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
53ഈ ഉപമകളെ പറഞ്ഞുതീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവരെ ഉപദേശിച്ചു. 54അവർ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്ന്? 55ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? 56ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതൊക്കെയും എവിടെനിന്ന് എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. 57യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. 58അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy