YouVersion Logo
Search Icon

ലൂക്കൊസ് 5:17-39

ലൂക്കൊസ് 5:17-39 MALOVBSI

അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകല ഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്റെ മുമ്പിൽ വയ്പാൻ ശ്രമിച്ചു. പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ, ഇറക്കിവച്ചു. അവരുടെ വിശ്വാസം കണ്ടിട്ട് അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് നിങ്ങൾ അറിയേണ്ടതിന്- അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് വീട്ടിലേക്കു പോയി. എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്ന് നാം അപൂർവകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു. അതിന്റെശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളൊരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. അവൻ സകലവും വിട്ട് എഴുന്നേറ്റ് അവനെ അനുഗമിച്ചു. ലേവി തന്റെ വീട്ടിൽ അവന് ഒരു വലിയ വിരുന്ന് ഒരുക്കി; ചുങ്കക്കാരും മറ്റും വലിയൊരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു. പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോട്: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുംകൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പറഞ്ഞ് പിറുപിറുത്തു. യേശു അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാൻ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ചു പ്രാർഥന കഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു. ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞ് പഴയതുരുത്തിയിൽ പകരുമാറില്ല; പകർന്നാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞ് പുതിയതുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്. പിന്നെ പഴയതു കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy