YouVersion Logo
Search Icon

യിരെമ്യാവ് 38

38
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവനു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടെയിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും 3യിരെമ്യാവ് സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ട് 4പ്രഭുക്കന്മാർ രാജാവിനോട്: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവജനത്തിനും ഇങ്ങനെയുള്ള വാക്ക് പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നത് എന്നു പറഞ്ഞു. 5സിദെക്കീയാരാജാവ്: ഇതാ, അവൻ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്‍വാൻ രാജാവിനു കഴിവില്ലല്ലോ എന്നു പറഞ്ഞു. 6അവർ യിരെമ്യാവെ പിടിച്ച് കാവല്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിനുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു. 7അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവ് ബെന്യാമീൻ വാതിൽക്കൽ ഇരിക്കയായിരുന്നു. 8ഏബെദ്-മേലെക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോടു സംസാരിച്ചു: 9യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു ചാകേയുള്ളൂ എന്നു പറഞ്ഞു. 10രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പേ അവനെ കുഴിയിൽനിന്ന് കയറ്റിക്കൊൾക എന്നു കല്പിച്ചു. 11അങ്ങനെ ഏബെദ്-മേലെക് ആയാളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്ക് കീഴെ ചെന്ന് അവിടെനിന്ന് പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന് കയറുവഴി ഇറക്കിക്കൊടുത്തു. 12കൂശ്യനായ ഏബെദ്-മേലെക് യിരെമ്യാവോട്: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമേ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു. 13അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചു കയറ്റി; യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു. 14അതിന്റെശേഷം സിദെക്കീയാരാജാവ് ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവോട്: ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത് എന്നു കല്പിച്ചു. 15അതിനു യിരെമ്യാവ് സിദെക്കീയാവോട്: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു. 16സിദെക്കീയാരാജാവ്: ഈ പ്രാണനെ സൃഷ്‍ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യം ചെയ്തു. 17എന്നാറെ യിരെമ്യാവ് സിദെക്കീയാവോട്: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും. 18നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു. 19സിദെക്കീയാരാജാവ് യിരെമ്യാവോട്: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു. 20അതിനു യിരെമ്യാവ് പറഞ്ഞത്: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും. 21പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിത്: 22യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകല സ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്ന് അവർ പറയും. 23നിന്റെ സകല ഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളയുന്നതിനു നീ ഹേതുവാകും. 24സിദെക്കീയാവ് യിരെമ്യാവോടു പറഞ്ഞത്: ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കയില്ല. 25ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോട് എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവ് നിന്നോട് എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ, 26നീ അവരോട്: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നുവെന്നു പറയേണം. 27സകല പ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്ന് അവനോടു ചോദിച്ചാറെ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെയൊക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി. 28യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy