YouVersion Logo
Search Icon

എബ്രായർ 11

11
1വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. 2അതിനാലല്ലോ പൂർവന്മാർക്ക് സാക്ഷ്യം ലഭിച്ചത്. 3ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു. 4വിശ്വാസത്താൽ ഹാബെൽ ദൈവത്തിനു കയീൻറേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിനു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. 5വിശ്വാസത്താൽ ഹാനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവൻ എടുക്കപ്പെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു. 6എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. 7വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നു. 8വിശ്വാസത്താൽ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു. 9വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട് 10ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു. 11വിശ്വാസത്താൽ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്ന് എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു. 12അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
13ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു. 14ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു. 15അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. 16അവരോ അധികം നല്ലതിനെ, സ്വർഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
17വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. 18യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; 19മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന് എണ്ണുകയും അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. 20വിശ്വാസത്താൽ യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. 21വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്ത് ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു. 22വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തു. 23വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്ന് അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു. 24വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു. 25പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും 26മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു. 27വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു. 28വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു. 29വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽകൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‍വാൻ നോക്കിയിട്ടു മുങ്ങിപ്പോയി. 30വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു. 31വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു. 32ഇനി എന്തു പറയേണ്ടൂ? ഗിദ്യോൻ, ബാരാക്, ശിംശോൻ, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ. 33വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, 34തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിത്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. 35സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. 36വേറേ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. 37കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, 38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. 39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. 40അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy