YouVersion Logo
Search Icon

എബ്രായർ 10

10
1ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. 2അല്ലെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്റെശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ? 3ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ ഉണ്ടാകുന്നു. 4കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. 5ആകയാൽ ലോകത്തിൽ വരുമ്പോൾ:
“ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. 6സർവാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. 7അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു”
എന്ന് അവൻ പറയുന്നു.
8ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സർവാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: 9ഇതാ, ഞാൻ നിന്റെ ഇഷ്ടം ചെയ്‍വാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. 10ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 11ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. 12യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് 13തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. 14ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. 15അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു. 16“ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം: 17“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു. 18എന്നാൽ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേൽ പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല.
19അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, 20തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് 21ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് 22നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക. 23പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. 24ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് 25സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.
26സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 27ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ. 28മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. 29ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിൻ. 30“പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. 31ജീവനുള്ള ദൈവത്തിന്റെ കൈയിൽ വീഴുന്നത് ഭയങ്കരം.
32എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും 33ആ വക അനുഭവിക്കുന്നവർക്ക് കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവകാലം ഓർത്തുകൊൾവിൻ. 34തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. 35അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്. 36ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്ക് ആവശ്യം. 37“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;” 38എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിന്മാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന് അവനിൽ പ്രസാദമില്ല.” 39നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy