YouVersion Logo
Search Icon

യെഹെസ്കേൽ 28

28
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യൻ മാത്രമായിരിക്കെ, ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു. 3നീ ദൈവഭാവം നടിച്ചതുകൊണ്ട്- നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറച്ചുവയ്ക്കാവുന്ന ഒരു രഹസ്യവുമില്ല; 4നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു; 5നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവിച്ചുമിരിക്കുന്നു- 6അതുകൊണ്ടുതന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 7നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരേ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും. 8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമധ്യേ നിഹതന്മാരെപ്പോലെ മരിക്കും. 9നിന്നെ കുത്തിക്കൊല്ലുന്നവന്റെ കൈയിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ? 10അന്യജാതിക്കാരുടെ കൈയാൽ നീ അഗ്രചർമികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
11യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 12മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാമുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണനും സൗന്ദര്യസമ്പൂർണനും തന്നെ. 13നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. 14നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധ ദേവപർവതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു. 15നിന്നെ സൃഷ്‍ടിച്ചനാൾമുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു. 16നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്ന് എണ്ണി ദേവപർവതത്തിൽനിന്നു തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മധ്യേനിന്നു മുടിച്ചുകളഞ്ഞു. 17നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി; ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. 18നിന്റെ അകൃത്യബാഹുല്യംകൊണ്ടും നിന്റെ വ്യാപാരത്തിന്റെ നീതികേടുകൊണ്ടും നീ നിന്റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാൻ നിന്റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാൻ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും. 19ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ട് സ്തംഭിച്ചുപോകും; നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.
20യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 21മനുഷ്യപുത്രാ, നീ സീദോനുനേരേ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:
22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നടുവിൽ എന്നെത്തന്നെ മഹത്ത്വീകരിക്കും; ഞാൻ അതിൽ ന്യായവിധികളെ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും 23ഞാൻ അതിൽ മഹാമാരിയും അതിന്റെ വീഥികളിൽ രക്തവും അയയ്ക്കും; ചുറ്റിലുംനിന്ന് അതിന്റെ നേരേ വരുന്ന വാൾകൊണ്ടു നിഹതന്മാരായവർ അതിന്റെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് അവർ അറിയും. 24യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്ന് കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവർക്കുണ്ടാകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും.
25യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു ശേഖരിച്ചു ജാതികൾ കാൺകെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ പാർക്കും. 26അവർ അതിൽ നിർഭയമായി വസിക്കും; അതേ, അവർ വീടുകളെ പണിത് മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാൻ ന്യായവിധികളെ നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy