YouVersion Logo
Search Icon

യെഹെസ്കേൽ 27

27
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്: 3തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു. 4നിന്റെ രാജ്യം സമുദ്രമധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൗന്ദര്യത്തെ പരിപൂർണമാക്കിയിരിക്കുന്നു. 5സെനീരിലെ സരളമരംകൊണ്ട് അവർ നിന്റെ പാർശ്വമൊക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന് അവർ ലെബാനോനിൽനിന്ന് ദേവദാരുക്കളെ കൊണ്ടുവന്നു. 6ബാശാനിലെ കരുവേലകംകൊണ്ട് അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു. 7നിനക്ക് കൊടിയായിരിക്കേണ്ടതിനു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു. 8സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ മാലുമികൾ ആയിരുന്നു. 9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പൽക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന് നിന്നിൽ ഉണ്ടായിരുന്നു. 10പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും തലക്കോരികയും നിന്നിൽ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു. 11അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്റെ സൗന്ദര്യത്തെ പരിപൂർണമാക്കി. 12തർശ്ശീശ് സകലവിധ സമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിനു പകരം തന്നു. 13യാവാൻ, തൂബാൽ, മേശക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിനു പകരം തന്നു. 14തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു. 15ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു. 16നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിനു പകരം തന്നു. 17യെഹൂദായും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിനു പകരം തന്നു. 18ദമ്മേശെക് നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധ സമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്റെ വ്യാപാരി ആയിരുന്നു. 19വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരുമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. 20ദെദാൻ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടംകൊണ്ടു നിന്റെ വ്യാപാരിയായിരുന്നു. 21അറബികളും കേദാർപ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് അവർ നിന്റെ കച്ചവടക്കാരായിരുന്നു. 22ശേബയിലെയും രാമായിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിനു പകരം തന്നു. 23ഹാരാനും കല്നെയും ഏദെനും ശേബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു. 24അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിനു പകരം തന്നു. 25തർശ്ശീശ്കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂർണയും സമുദ്രമധ്യേ അതിധനികയും ആയിത്തീർന്നു. 26നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കൻകാറ്റ് സമുദ്രമധ്യേവച്ച് നിന്നെ ഉടച്ചുകളഞ്ഞു. 27നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പൽക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സർവജനസമൂഹത്തോടുംകൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമധ്യേ വീഴും. 28നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽക്കൂട്ടങ്ങൾ നടുങ്ങിപ്പോകും. 29തണ്ടേലന്മാരൊക്കെയും കപ്പല്ക്കാരും കടലിലെ മാലുമികൾ എല്ലാവരും കപ്പലുകളിൽനിന്ന് ഇറങ്ങി കരയിൽ നില്ക്കും. 30അവർ കയ്പോടെ ഉറക്കെ നിലവിളിച്ച് തലയിൽ പൂഴിവാരിയിട്ട് ചാരത്തിൽ കിടന്നുരുളുകയും 31നിന്നെച്ചൊല്ലി മൊട്ടയടിച്ച് രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കയ്പുള്ള വിലാപത്തോടുംകൂടെ കരകയും ചെയ്യും. 32തങ്ങളുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നത്: സമുദ്രമധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളൂ? 33നിന്റെ ചരക്കു സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തി വരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. 34ഇപ്പോൾ നീ സമുദ്രത്തിൽനിന്നു തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു. 35ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു. 36ജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു; നിനക്കു ശീഘ്രനാശം ഭവിച്ച് നീ സദാകാലത്തേക്കും ഇല്ലാതെയാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy