YouVersion Logo
Search Icon

യെഹെസ്കേൽ 11

11
1അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദർശനമുള്ള കിഴക്കേ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കൽ ഞാൻ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകൻ യയസന്യാവെയും ബെനായാവിന്റെ മകൻ പെലത്യാവെയും കണ്ടു. 2അവൻ എന്നോട്: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു. 3വീടുകളെ പണിവാൻ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്ന് അവർ പറയുന്നു. 4അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു. 5അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വീണ് എന്നോടു കല്പിച്ചത്: നീ പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങൾ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാൻ അറിയുന്നു. 6നിങ്ങൾ ഈ നഗരത്തിൽ നിഹതന്മാരെ വർധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു. 7അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും. 8നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാൻ നിങ്ങളുടെ നേരേ വരുത്തും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 9ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കൈയിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും. 10നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽ വച്ച് ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 11ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിനകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവച്ചു തന്നെ ഞാൻ നിങ്ങളെ ന്യായം വിധിക്കും. 12എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും. 13ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു: അപ്പോൾ ഞാൻ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കർത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചുകളയുമോ എന്നു പറഞ്ഞു. 14യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 15മനുഷ്യപുത്രാ, യഹോവയോട് അകന്നുനില്പിൻ! ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത് എന്നല്ലോ യെരൂശലേംനിവാസികൾ, നിന്റെ ചാർച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നത്. 16അതുകൊണ്ടു നീ പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവർ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാൻ അവർക്കു കുറയകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും. 17ആകയാൽ നീ പറയേണ്ടത്; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ച്, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്ത് യിസ്രായേൽദേശം നിങ്ങൾക്കു തരും. 18അവർ അവിടെവന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും. 19അവർ എന്റെ ചട്ടങ്ങളിൽ നടന്ന് എന്റെ വിധികളെ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും. 20അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. 21എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവർക്ക് ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 22അനന്തരം കെരൂബുകൾ ചിറകു വിടർത്തു; ചക്രങ്ങളും ചേർന്നുതന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും മേലെ, അവയ്ക്കുമീതെ ഉണ്ടായിരുന്നു. 23യഹോവയുടെ മഹത്ത്വം നഗരത്തിന്റെ നടുവിൽനിന്നു മേലോട്ടു പൊങ്ങി നഗരത്തിനു കിഴക്കുവശത്തുള്ള പർവതത്തിന്മേൽ നിന്നു. 24എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദർശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാൻ കണ്ട ദർശനം എന്നെ വിട്ടു പൊങ്ങിപ്പോയി. 25ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകല വചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy