YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 18

18
1അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. 2യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്ന് ക്ലൌദ്യൊസ് കല്പിച്ചതുകൊണ്ട് ഇത്തല്യയിൽ നിന്ന് ആ ഇടയ്ക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളൊരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ട് അവരുടെ അടുക്കൽ ചെന്നു. 3തൊഴിൽ ഒന്നാകകൊണ്ട് അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. 4എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
5ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തി പൂണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദന്മാർക്ക് സാക്ഷീകരിച്ചു. 6അവർ എതിർ പറകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിനു നിങ്ങൾതന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ: ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്ന് അവരോട് പറഞ്ഞു. 7അവൻ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു. 8പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. 9രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; 10ഞാൻ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ കൈയേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ട് എന്ന് അരുളിച്ചെയ്തു. 11അങ്ങനെ അവൻ ഒരാണ്ടും ആറു മാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
12ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരേ ഒരുമനപ്പെട്ട് എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: 13ഇവൻ ന്യായപ്രമാണത്തിനു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. 14പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. 15വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ് 16അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. 17എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽവച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.
18പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട് 19എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. 20കുറെക്കൂടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചിട്ട് അവൻ സമ്മതിക്കാതെ: 21ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, 22കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി. 23അവിടെ കുറെനാൾ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു.
24അലെക്സന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളൊരു യെഹൂദൻ എഫെസൊസിൽ എത്തി. 25അവൻ കർത്താവിന്റെ മാർഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. 26അവൻ പള്ളിയിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്റെ മാർഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു. 27അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു. 28യേശുതന്നെ ക്രിസ്തു എന്ന് അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy