YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 17

17
1അവർ അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി കടന്നു തെസ്സലൊനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. 2പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. 3ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. 4അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു. 5യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹമുണ്ടാക്കി യാസോന്റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. 6അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; 7യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്ന് നിലവിളിച്ചു. 8ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. 9യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
10സഹോദരന്മാർ ഉടനെ, രാത്രിയിൽതന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി. 11അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. 12അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു. 13പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു. 14ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയൊസും അവിടെത്തന്നെ പാർത്തു. 15പൗലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയൊസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
16അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനു ചൂടു പിടിച്ചു. 17അവൻ പള്ളിയിൽവച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. 18എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. 19പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിയാമോ? 20നീ ചില അപൂർവങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. 21എന്നാൽ അഥേനരൊക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല.
22പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു. 23ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാതദേവന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നത് തന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു. 24ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. 25താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. 26ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. 27അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. 28അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. 29നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല. 30എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. 31താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റു ചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു. 33അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്നു പോയി. 34ചില പുരുഷന്മാർ അവനോടു ചേർന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളൊരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy