YouVersion Logo
Search Icon

2 ശമൂവേൽ 20

20
1എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു. 2അപ്പോൾ യിസ്രായേലൊക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നുനടന്നു.
3ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാൻ പാർപ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവർ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.
4അനന്തരം രാജാവ് അമാസയോട്: നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു. 5അങ്ങനെ അമാസ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവൻ താമസിച്ചുപോയി. 6എന്നാറെ ദാവീദ് അബീശായിയോട്: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോൾ നമുക്ക് അധികം ദോഷം ചെയ്യും; അവൻ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്‍ടിയിൽനിന്നു തെറ്റിപ്പോകാതിരിക്കേണ്ടതിനു നീ നിന്റെ യജമാനന്റെ ചേവകരെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക എന്നു പറഞ്ഞു. 7അങ്ങനെ യോവാബിന്റെ ആളുകളും ക്രേത്യരും പ്ലേത്യരും സകല വീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു. 8അവർ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാൾ അരയ്ക്കു കെട്ടിയിരുന്നു; അവൻ നടക്കുമ്പോൾ അതു വീണുപോയി. 9യോവാബ് അമാസയോട്: സഹോദരാ, സുഖം തന്നെയോ എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്‍വാൻ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു. 10എന്നാൽ യോവാബിന്റെ കൈയിൽ വാൾ ഇരിക്കുന്നത് അമാസ സൂക്ഷിച്ചില്ല; യോവാബ് അവനെ അതുകൊണ്ടു വയറ്റത്തു കുത്തി കുടൽ ചോർത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവൻ മരിച്ചുപോയി. യോവാബും അവന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു. 11യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിനരികെ നിന്നുകൊണ്ടു യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു. 12അമാസ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ട് അവൻ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാൺകകൊണ്ട് അവൻ ഒരു വസ്ത്രം അവന്റെമേൽ ഇട്ടു. 13അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യോവാബിന്റെ പിന്നാലെ പോയി. 14എന്നാൽ ശേബ എല്ലാ യിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു. 15മറ്റവർ വന്നു ബേത്ത്-മാഖയോടു ചേർന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിനു നേരേ വാടകോരി; അതു കിടങ്ങിന്റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാൻ തക്കവണ്ണം ഇടിച്ചുതുടങ്ങി. 16അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ, കേൾപ്പിൻ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന് ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു. 17അവൻ അടുത്തുചെന്നപ്പോൾ: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവൻ പറഞ്ഞു. അവൾ അവനോട്: അടിയന്റെ വാക്കു കേൾക്കേണമേ എന്നു പറഞ്ഞു. ഞാൻ കേൾക്കാം എന്ന് അവൻ പറഞ്ഞു. 18എന്നാറെ അവൾ: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീർക്കുകയും ചെയ്ക പതിവായിരുന്നു. 19ഞാൻ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാൻ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നത് എന്ത് എന്നു പറഞ്ഞു. 20അതിനു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാൻ എനിക്ക് ഒരിക്കലും സംഗതിയാകരുതേ. 21കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീം മലനാട്ടുകാരൻ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാൻ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: അവന്റെ തല മതിലിന്റെ മുകളിൽനിന്നു നിന്റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു. 22അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താൽ സകല ജനത്തെയും സമ്മതിപ്പിച്ചു; അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോൾ അവൻ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്റെ അടുക്കൽ മടങ്ങിപ്പോയി.
23യോവാബ് യിസ്രായേൽസൈന്യത്തിനൊക്കെയും അധിപതി ആയിരുന്നു; യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകൻ ആയിരുന്നു. 24അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകൻ; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രി; 25ശെവാ രായസക്കാരൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ. 26യായീര്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy