YouVersion Logo
Search Icon

2 ശമൂവേൽ 19

19
1രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. 2എന്നാൽ രാജാവ് തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായിത്തീർന്നു. 3ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്ക് ഒളിച്ചുകടന്നു. 4രാജാവ് മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. 5അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞത്: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകല ഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകയ്ക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകയ്ക്കുന്നു. 6പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി. 7ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനർഥത്തെക്കാളും വലിയ അനർഥമായിത്തീരും. 8അങ്ങനെ രാജാവ് എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവ് പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകല ജനവും രാജാവിന്റെ മുമ്പിൽ വന്നു.
9യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലാ യിസ്രായേൽഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവ് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചതും അവൻതന്നെ. ഇപ്പോഴോ അബ്ശാലോം നിമിത്തം അവൻ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു. 10നമുക്ക് രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നത് എന്ത് എന്നു പറഞ്ഞു.
11അനന്തരം ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോടു പറയേണ്ടത്: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലാ യിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു. 12നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? 13നിങ്ങൾ അമാസയോട്: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിനു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ. 14ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകല ഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു. 15അങ്ങനെ രാജാവ് മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റ് യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിനു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു. 16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദുരാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു. 17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവ് കാൺകെ യോർദ്ദാൻ കടന്നു ചെന്നു. 18രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു: 19എന്റെ യജമാനൻ എന്റെ കുറ്റം എനിക്ക് കണക്കിടരുതേ; യജമാനനായ രാജാവ് യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവ് മനസ്സിൽ വയ്ക്കയും ഓർക്കയും അരുതേ. 20അടിയൻ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാൻ യോസേഫിന്റെ സകല ഗൃഹത്തിലും വച്ച് അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു. 21എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതു നിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു. 22അതിനു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്ക് എതിരികളാകേണ്ടതിന് എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിനു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു. 23പിന്നെ ശിമെയിയോട്: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവ് അവനോടു സത്യവും ചെയ്തു. 24ശൗലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിനു രക്ഷ ചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല. 25എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽനിന്നു വന്നപ്പോൾ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നത് എന്ത് എന്നു ചോദിച്ചു. 26അതിന് അവൻ ഉത്തരം പറഞ്ഞത്: യജമാനനായ രാജാവേ, എന്റെ ഭൃത്യൻ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിനു കോപ്പിടേണമെന്ന് അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ. 27അവൻ യജമാനനായ രാജാവിനോട് അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവ് ദൈവദൂതനു തുല്യൻ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക. 28യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് ആവലാതി പറവാൻ അടിയന് ഇനി എന്ത് അവകാശമുള്ളൂ? 29രാജാവ് അവനോട്: നീ നിന്റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു. 30മെഫീബോശെത്ത് രാജാവിനോട്: അല്ല, അവൻതന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവ് സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
31ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാനക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു. 32ബർസില്ലായിയോ എൺപതു വയസ്സുള്ളൊരു വയോധികനായിരുന്നു; രാജാവ് മഹനയീമിൽ പാർത്തിരുന്ന കാലത്ത് അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു. 33രാജാവ് ബർസില്ലായിയോട്: എന്നോടുകൂടെ പോരുക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു. 34ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്? ഞാൻ ഇനി എത്രനാൾ ജീവിച്ചിരിക്കും? 35എനിക്ക് ഇന്ന് എൺപതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദ് അടിയന് അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിനു ഭാരമായിത്തീരുന്നത് എന്തിന്? 36അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈവിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്? 37എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായത് അവനു ചെയ്തുകൊടുത്താലും. 38അതിനു രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവനു ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു. 39പിന്നെ സകല ജനവും യോർദ്ദാൻ കടന്നു. രാജാവ് യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.
40രാജാവ് ഗില്ഗാലിൽ ചെന്നു; കിംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയുംകൂടി രാജാവിനെ ഇക്കരെ കൊണ്ടുവന്നു. 41അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകല പരിചാരകന്മാരെയും മോഷ്‍ടിച്ചു കൊണ്ടുവന്ന് യോർദ്ദാൻ കടത്തിയത് എന്ത് എന്നു പറഞ്ഞു. 42അതിന് യെഹൂദാപുരുഷന്മാരൊക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങൾക്ക് അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നെ; അതിനു നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്ന് ഉത്തരം പറഞ്ഞു. 43യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങൾക്കു പത്ത് ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ട്; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനേക്കാൾ അധികം കഠിനമായിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy