YouVersion Logo
Search Icon

2 ദിനവൃത്താന്തം 36

36
1ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്ന് അവനെ അപ്പനു പകരം യെരൂശലേമിൽ രാജാവാക്കി. 2യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. 3മിസ്രയീംരാജാവ് അവനെ യെരൂശലേമിൽവച്ചു പിഴുക്കി ദേശത്തിനു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു. 4മിസ്രയീംരാജാവ് അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദായ്ക്കും യെരൂശലേമിനും രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്ക് കൊണ്ടുപോയി.
5യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 6അവന്റെ നേരേ ബാബേൽരാജാവായ നെബൂഖദ്നേസർ വന്ന് അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി, 7നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വച്ചു. 8യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി.
9യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 10എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസർരാജാവ് ആളയച്ച് അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദായ്ക്കും യെരൂശലേമിനും രാജാവാക്കി.
11സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിയൊന്ന് വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. 12അവൻ തന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല. 13അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനോട് അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. 14പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ലേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി. 15അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നിയിട്ട് അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു. 16അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ച് അവന്റെ വാക്കുകളെ നിരസിച്ച് ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിനു നേരേ ഉജ്ജലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. 17അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരേ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവച്ചു വാൾകൊണ്ടുകൊന്നു; അവൻ യൗവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെയൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചുകൊടുത്തു. 18ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവൻ ബാബേലിലേക്കു കൊണ്ടുപോയി. 19അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു. 20വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവനും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു. 21യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നെ; എഴുപത് സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്ത് അനുഭവിച്ചു.
22എന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ: 23പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്ര പുറപ്പെടട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy