YouVersion Logo
Search Icon

2 ദിനവൃത്താന്തം 35

35
1അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു; ഒന്നാം മാസം പതിന്നാലാം തീയതി അവർ പെസഹ അറുത്തു. 2അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലയ്ക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ധൈര്യപ്പെടുത്തി. 3അവൻ എല്ലാ യിസ്രായേലിനും ഉപാധ്യായന്മാരും യഹോവയ്ക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞത്: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വയ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ. 4യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിൻ. 5നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോന്നിനു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ. 6ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‍വിൻ. 7യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹായാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിനു കൊടുത്തു. 8അവന്റെ പ്രഭുക്കന്മാരും ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹായാഗങ്ങൾക്കായിട്ട് രണ്ടായിരത്തി അറുനൂറ് കുഞ്ഞാടിനെയും മുന്നൂറ് കാളയെയും കൊടുത്തു. 9കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കും പെസഹായാഗങ്ങൾക്കായിട്ട് അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറ് കാളയെയും കൊടുത്തു. ഇങ്ങനെ ശുശ്രൂഷ ക്രമത്തിലായി; 10രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുകൂറായും നിന്നു. 11അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കൈയിൽനിന്നു രക്തംവാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു. 12പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെതന്നെ കാളകളെയും നീക്കിവച്ചു. 13അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു. 14പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കുംവേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കുംവേണ്ടി ഒരുക്കി. 15ആസാഫ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽക്കാവല്ക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്ക് ഒരുക്കിക്കൊടുത്തു. 16ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനുംവേണ്ടിയുള്ള യഹോവയുടെ സകല ശുശ്രൂഷയും അന്നു ക്രമത്തിലായി. 17അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു. 18ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദായും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല. 19യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
20യോശീയാവ് ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോ; ഫ്രാത്തിനു സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവ് അവന്റെ നേരേ പുറപ്പെട്ടു. 21എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്ത്? ഞാൻ ഇന്നു നിന്റെ നേരേ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരേയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത് എന്നു പറയിച്ചു. 22എങ്കിലും യോശീയാവ് വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിനു വേഷം മാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു. 23വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. 24അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽ നിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദായും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു. 25യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സകല സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ. 26യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമുള്ള 27അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy