YouVersion Logo
Search Icon

1 ശമൂവേൽ 29

29
1എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി. 2അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരമായിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു. 3ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന് എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: ഇവൻ യിസ്രായേൽരാജാവായ ശൗലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്ര നാളായി ഇത്ര സംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു. 4എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവനു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയയ്ക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിനു പോരരുത്; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?
5ശൗൽ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ
എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്ന് ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു. 6എന്നാറെ ആഖീശ് ദാവീദിനെ വിളിച്ച് അവനോട്: യഹോവയാണ, നീ പരമാർഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമനങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല. 7ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു. 8ദാവീദ് ആഖീശിനോട്: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരേ ഞാൻ ചെന്ന് പൊരുതിക്കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു. 9ആഖീശ് ദാവീദിനോട്: എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുത് എന്നു പറഞ്ഞിരിക്കുന്നു. 10ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്ന് ഉത്തരം പറഞ്ഞു. 11ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy