YouVersion Logo
Search Icon

1 കൊരിന്ത്യർ 4

4
1ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. 2ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ. 3നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നത് എനിക്ക് എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല. 4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവ് ആകുന്നു. 5ആകയാൽ കർത്താവ് വരുവോളം സമയത്തിനുമുമ്പേ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തനു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
6സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നത്: എഴുതിയിരിക്കുന്നതിന് അപ്പുറം (ഭാവിക്കാതിരിപ്പാൻ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും ആരും ഒരുത്തന് അനുകൂലമായും മറ്റൊരുവനു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിനും തന്നെ. 7നിന്നെ വിശേഷിപ്പിക്കുന്നത് ആർ? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്? 8ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി; ഇത്ര ക്ഷണത്തിൽ നിങ്ങൾ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിനു നിങ്ങൾ വാണു എങ്കിൽ കൊള്ളായിരുന്നു. 9ഞങ്ങൾ ലോകത്തിന്, ദൂതന്മാർക്കും മനുഷ്യർക്കും തന്നെ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്ന് എനിക്കു തോന്നുന്നു. 10ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ. 11ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു. 12സ്വന്തകൈയാൽ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീർവദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ല വാക്കു പറയുന്നു. 13ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
14നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയമക്കളോട് എന്നപോലെ ബുദ്ധി പറഞ്ഞുകൊണ്ട് ഇത് എഴുതുന്നു. 15നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്. 16ആകയാൽ എന്റെ അനുകാരികൾ ആകുവിൻ എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 17ഇതു നിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമൊഥെയൊസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും. 18എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നു വച്ചു ചിലർ ചീർത്തിരിക്കുന്നു. 19കർത്താവിന് ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്ന്, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും. 20ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു. 21നിങ്ങൾക്ക് ഏതു വേണം? ഞാൻ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കൽ വരേണ്ടത്?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy