YouVersion Logo
Search Icon

1 കൊരിന്ത്യർ 3

3
1എന്നാൽ സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളൂ. 2ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ. 3നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ? 4ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരനെന്നും, മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരനെന്നും പറയുമ്പോൾ നിങ്ങൾ സാധാരണ മനുഷ്യരല്ലയോ? 5അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. 6ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്. 7ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല. 8നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തനു താന്താന്റെ അധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും. 9ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമാണം.
10എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. 11യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴികയില്ല. 12ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; 13ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീതന്നെ ശോധന ചെയ്യും. 14ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. 15ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽക്കൂടി എന്നപോലെ അത്രേ.
16നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? 17ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെതന്നെ.
18ആരും തന്നെത്താൻ വഞ്ചിക്കരുത്; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ. 19ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്തമത്രേ.
“അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും
20“കർത്താവു ജ്ഞാനികളുടെ വിചാരം വ്യർഥം എന്നറിയുന്നു.”
എന്നും എഴുതിയിരിക്കുന്നുവല്ലോ. 21ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ. 22പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്. 23നിങ്ങളോ ക്രിസ്തുവിനുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy