YouVersion Logo
Search Icon

1 ദിനവൃത്താന്തം 15

15
1അവൻ തനിക്ക് ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു. 2അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്ക് എന്നും ശുശ്രൂഷ ചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് എന്നു പറഞ്ഞു. 3അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന് ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലാ യിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി. 4ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. 5കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റി ഇരുപതു പേരെയും 6മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റി ഇരുപതു പേരെയും 7ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പത് പേരെയും 8എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറു പേരെയും 9ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും 10ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടു പേരെയും തന്നെ. 11ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞത്: 12നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചുകൊൾവിൻ. 13ആദിയിൽ നിങ്ങൾ തന്നെ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്. 14അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. 15ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു. 16പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിനു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു. 17അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും 18അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽക്കാവല്ക്കാരായും നിയമിച്ചു. 19സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും 20സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും 21മത്ഥിഥ്യാവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്‍രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു. 22വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവ് പെട്ടകം വഹിക്കുന്നതിനു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർഥനായിരുന്നു. 23ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിനു വാതിൽക്കാവല്ക്കാർ ആയിരുന്നു. 24ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിനു വാതിൽക്കാവല്ക്കാർ ആയിരുന്നു. 25ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി. 26യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യർക്കു ദൈവം സഹായിച്ചതുകൊണ്ട് അവർ ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 27ദാവീദും പെട്ടകവാഹകന്മാരായ ലേവ്യരൊക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടംകൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണംകൊണ്ടുള്ള ഏഫോദ് ധരിച്ചു. 28അങ്ങനെ യിസ്രായേലൊക്കെയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടും കൂടി കിന്നരവും വീണയും വായിച്ചുകൊണ്ട് യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു. 29എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽക്കൂടി നോക്കി, ദാവീദ്‍രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy