അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 99 ദിവസം

പരിശുദ്ധാത്മശക്തി ധരിച്ചവര്‍ പാപത്തിലൂടെ മുമ്പോട്ടു പോകുമ്പോള്‍ തങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് അവരെ വിട്ടുപോകുമെന്ന് ഓര്‍ക്കാറില്ല. വിശുദ്ധി നഷ്ടപ്പെട്ട് അശുദ്ധമാക്കപ്പെടുന്ന ദൈവത്തിന്റെ മന്ദിരങ്ങളില്‍ വിശുദ്ധനായ യഹോവയാം ദൈവത്തിനു വസിക്കുവാന്‍ കഴിയുകയില്ലെന്ന് യിസ്രായേലിന്റെ ന്യായാധിപനായ ശിംശോന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. തന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു രക്ഷിക്കുവാന്‍ യഹോവയാം ദൈവം അമ്മയുടെ ഉദരംമുതല്‍ വിശുദ്ധീകരിച്ച് വേര്‍തിരിച്ച നാസീര്‍വ്രതക്കാരനായിരുന്നു ശിംശോന്‍. യഹോവയുടെ ആത്മാവ് അവനില്‍ വസിച്ച് അമാനുഷികമായ ശക്തിയാല്‍ അവന്‍ അനേക അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. പക്ഷേ താന്‍ നാസീര്‍വ്രതക്കാരനെന്നും ദൈവത്തിന്റെ അഭിഷിക്തനെന്നും ചിന്തിക്കാതെ അവന്‍ ജഡികസുഖങ്ങളുടെ പിന്നാലെ പരക്കം പാഞ്ഞു. ഗസ്സായില്‍ ഒരു വേശ്യയോടൊപ്പം പാര്‍ത്തിരുന്ന ശിംശോനെ ഫെലിസ്ത്യര്‍ വളഞ്ഞപ്പോള്‍ അവന്‍ അര്‍ദ്ധരാത്രിയില്‍ പട്ടണവാതിലിന്റെ കതകും കട്ടളക്കാലും പറിച്ചെടുത്ത് രക്ഷപ്പെട്ടു. അവിടെ നിന്ന് അവന്‍ പോയത് സോരേക് താഴ്‌വരയില്‍ ദെലീലാ എന്ന സ്ത്രീയുടെ അടുത്തേക്കായിരുന്നു. അവളുടെ നിരന്തരമായ നിര്‍ബ്ബന്ധത്തിനു മുമ്പില്‍ തന്റെ ശക്തിയുടെ രഹസ്യം അവള്‍ക്കു വെളിപ്പെടുത്തി. അവളുടെ മടിയില്‍ ഉറങ്ങുമ്പോള്‍ യഹോവയാം ദൈവം അവനെ വിട്ടുപോയി. അതറിയാതെ പഴയതുപോലെ ഫെലിസ്ത്യരെ നേരിട്ട ശിംശോന്റെ കണ്ണുകള്‍ അവര്‍ കുത്തിപ്പൊട്ടിച്ചു. താമ്രച്ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ഗസ്സായിലേക്കു കൊണ്ടുപോയി. 

                   സഹോദരാ! സഹോദരീ! നീ പരിശുദ്ധാത്മനിറവ് പ്രാപിച്ച വ്യക്തിയെങ്കില്‍, പരിശുദ്ധാത്മശക്തിയാലാണോ ഇന്നു നീ മുമ്പോട്ടു പോകുന്നതെന്ന് പരിശോധിക്കുമോ? നിന്റെ പ്രവൃത്തികളില്‍ നീ പ്രാപിച്ച പരിശുദ്ധാത്മശക്തി പ്രകടമാകുന്നുണ്ടോ? പണ്ടു പ്രാപിച്ച പരിശുദ്ധാത്മനിറവിന്റെ സാക്ഷ്യം മാത്രമാണ് നിന്റെ ആത്മീയ ജീവിതത്തില്‍ ബാക്കിയുള്ളതെങ്കില്‍ നിന്റെ പാതയെ നീ പരിശോധിക്കേണ്ടിയിരിക്കുന്നു. ജഡികസുഖങ്ങള്‍ തേടി നീ സോരേക് താഴ്‌വരയിലേക്ക് ഓടിയാല്‍ യഹോവയാം ദൈവം നിന്നെ വിട്ടുപോകുമെന്ന് നീ ഓര്‍ക്കുമോ? നിന്റെ പരിശുദ്ധാത്മശക്തി നഷ്ടപ്പെടുമ്പോള്‍ നിന്നെ തകര്‍ക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രു നിന്നെ എന്നെന്നേക്കുമായി തകര്‍ത്തുകളയുമെന്ന് നീ മനസ്സിലാക്കുമോ? 

യേശുവിന്റെ ശക്തിയെന്മേല്‍ 

എന്നുമെന്നുമെന്നില്‍ വസിച്ചീടുവാന്‍ 

എന്റെ ബലഹീനതയില്‍ പ്രശംസിച്ചീടും 

യേശുവേ നിന്റെ കൃപ എനിക്കു മതി                     നിന്റെ കൃപ എനിക്കു...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com