അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വശക്തനായ ദൈവത്തിന്റെ പരിശുദ്ധാത്മാവില്‍ നാം നിറയുമ്പോള്‍ നമ്മുടെ നാവുകളില്‍നിന്ന് ആയിരം ആയിരമായി സ്‌തോത്രസ്തുതികള്‍ ഉയരുകയായി. എന്നാല്‍ വിവിധങ്ങളായ ജീവിത സമ്മര്‍ദ്ദങ്ങളിലും സാഹചര്യങ്ങളിലും അതേ നാവുകൊണ്ടുതന്നെ നാം ശാപവര്‍ഷങ്ങളും ചൊരിയുന്നുവെന്ന് വിശുദ്ധ യാക്കോബ് ചൂണ്ടിക്കാണിക്കുന്നു. നാവ് ഒരു ചെറിയ അവയവമാണെങ്കിലും അതൊരു തീ ആണെന്നും അത് നമ്മുടെ ആത്മിക ജീവിതത്തിനുതന്നെ തീ കൊളുത്തി നമ്മെ നാശയോഗ്യരാക്കുമെന്നും വിശുദ്ധ യാക്കോബ് ഉദ്‌ബോധിപ്പിക്കുന്നു. മരണകരമായ വിഷം നിറഞ്ഞ നാവുകൊണ്ട് ദൈവത്തെ സ്തുതിക്കുകയും ദൈവം സൃഷ്ടിച്ച മനുഷ്യനെ ശപിക്കുകയും ചെയ്യുമ്പോള്‍ നാം പ്രാപിച്ച പരിശുദ്ധാത്മാവിന് നമ്മില്‍ വസിക്കുവാന്‍ കഴിയുകയില്ല. നാം എത്രമാത്രം ദൈവത്തെ സ്തുതിച്ചാലും സ്‌തോത്രങ്ങള്‍ പറഞ്ഞാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന, വിഷം നിറഞ്ഞ, കുത്തി മുറിവേല്പിക്കുന്ന സംഭാഷണങ്ങളാണ് ആത്മികരെന്നഭിമാനിക്കുന്ന നമ്മില്‍നിന്നു പുറപ്പെടുന്നതെങ്കില്‍, സ്‌നേഹത്തിന്റെയും സൗമ്യതയുടെയും താഴ്മയുടെയും മൂര്‍ത്തീഭാവമായ യേശുവിനെ നമ്മിലൂടെ ആര്‍ക്കും കണ്ടെത്തുവാന്‍ കഴിയുകയില്ല. നമ്മുടെ നാവുതന്നെ നമ്മുടെ സാക്ഷ്യത്തെ തകര്‍ത്തുകളയുന്നു. ഒരു ചെറിയ തീ വലിയ കാട് കത്തിച്ച് ചാമ്പലാക്കുന്നതുപോലെ സാത്താന്‍ മനുഷ്യന്റെ നാവുപയോഗിച്ച് ദൈവത്തിന്റെ തോട്ടങ്ങളാകുന്ന സഭകളിലും ശുശ്രൂഷകളിലും ഭവനങ്ങളിലും ഭിന്നതയും വൈരാഗ്യവും സൃഷ്ടിച്ച് അവയെ ദഹിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ പൈതലേ! പരിശുദ്ധാത്മനിറവില്‍ അത്യുച്ചത്തിലുള്ള സ്‌തോത്രസ്തുതികളാല്‍ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന നിന്റെ നാവില്‍നിന്ന് അസഭ്യങ്ങളോ, തെറ്റായ സംസാരങ്ങളോ പുറപ്പെടാറുണ്ടോ? നിന്റെ വാക്കുകള്‍ നിന്റെ പ്രിയപ്പെട്ടവരെയും കൂട്ടുവിശ്വാസികളെയും കുത്തിമുറിവേല്പിക്കുന്നവയാണോ? നിന്റെ സംസാരങ്ങള്‍ നിന്നെ ദൈവം ആക്കിയിരിക്കുന്ന തോട്ടത്തില്‍ വാഗ്വാദവും ഭിന്നതയും സൃഷ്ടിക്കുന്നവയാണോ? സ്‌തോത്രം പറയുന്ന നിന്റെ നാവിനെ ഏഷണിക്കും ദൂഷണത്തിനും ഭിന്നത സൃഷ്ടിക്കുവാനും വിട്ടുകൊടുക്കുമ്പോള്‍ നീ നിന്നെ മാത്രമല്ല, നിന്നെ നട്ടിരിക്കുന്ന ദൈവത്തിന്റെ തോട്ടത്തെക്കൂടിയാണ് കത്തിച്ചുകളയുന്നതെന്ന് ഓര്‍മ്മിക്കുമോ?
അനവരതം നിന്നാത്മവരങ്ങള്‍
അടിയാരില്‍ ചൊരിയണമേ
ഒന്നായ് ഞങ്ങള്‍ നിന്നില്‍ വസിപ്പാന്‍
എന്നും തുണയരുളേശുമഹേശാ... യേശുമഹേശാ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com