അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 98 ദിവസം

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ഒരു സ്ത്രീയെ പേരു ചൊല്ലി വിളിക്കുവാനുള്ള കാരണമെന്തായിരുന്നു? ഏഴു ഭൂതങ്ങളാല്‍ പിടിക്കപ്പെട്ട് സുബോധം നഷ്ടപ്പെട്ടിരുന്ന അവള്‍ക്ക് ഒരു പുതിയ ജീവിതം നല്‍കിയ തന്റെ അരുമനാഥന്റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശുവാനായി, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതിരാവിലെ നന്നേ ഇരുട്ടുള്ളപ്പോള്‍ അവള്‍ കല്ലറയുടെ അടുക്കലേക്ക് ഓടി. ശവപ്പറമ്പിലെ ഭയാനകമായ വിജനതയോ, അതിരാവിലെ ഇരുട്ടില്‍ ഏകയായി യാത്ര ചെയ്യുമ്പോഴുണ്ടാകാവുന്ന ആപത്തുകളോ, കര്‍ത്താവിന്റെ കല്ലറയ്ക്കല്‍ കാവല്‍ നില്‍ക്കുന്ന മാംസദാഹികളും ക്രൂരന്മാരുമായ റോമന്‍പടയാളികളോ ഒന്നും അവള്‍ക്കു പ്രശ്‌നമായിരുന്നില്ല. കല്ലറയുടെ വാതില്‍ക്കല്‍നിന്നു കല്ലു മാറ്റിയിരിക്കുന്നതു കണ്ട അവള്‍, ഇരുട്ടിലൂടെത്തന്നെ തിരിഞ്ഞോടി പത്രൊസിനെയും യോഹന്നാനെയും കൂട്ടി കല്ലറയ്ക്കല്‍ വന്നു. അവര്‍ കര്‍ത്താവിനെ കാണാതെ മടങ്ങിപ്പോയിട്ടും അവരോടൊപ്പം പോകുവാന്‍ അവള്‍ കൂട്ടാക്കിയില്ല. വീണ്ടും അവള്‍ കല്ലറയിലേക്കു നോക്കിയപ്പോള്‍ കണ്ട വെള്ളവസ്ത്രധാരികളായ രണ്ടു ദൂതന്മാര്‍ക്ക് കര്‍ത്താവിന്റെ ശരീരം കൊടുക്കുവാന്‍ കഴിയാഞ്ഞിട്ടും അവള്‍ മടങ്ങിപ്പോയില്ല. പിന്നില്‍ നില്‍ക്കുന്ന കര്‍ത്താവ് ''സ്ത്രീയേ, നീ കരയുന്നത് എന്തിന്? ആരെ തിരയുന്നു?'' എന്ന ചോദ്യം ആവര്‍ത്തിക്കുമ്പോഴും അത് തോട്ടക്കാരനെന്നു ധരിച്ച് കര്‍ത്താവിന്റെ ശരീരത്തിനുവേണ്ടി അവള്‍ കെഞ്ചി. യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍പോലും മടങ്ങിപ്പോയിട്ടും, തന്റെ കര്‍ത്താവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അവന്റെ ശത്രുക്കള്‍ അപഹരിക്കുകയോ നശിപ്പിക്കുകയോ ചെയ്തുവെന്ന സങ്കടത്താല്‍ കണ്ണുനീരോടെ അവള്‍ തിരയുമ്പോഴാണ് ''മറിയയേ'' എന്നുള്ള ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ശബ്ദം അവള്‍ കേട്ടത്. 

                      ദൈവത്തിന്റെ പൈതലേ! യേശുവിനെ സ്‌നേഹിക്കുന്നുവെന്നു കരുതുന്ന നിനക്ക്, ഏകനായി, ഏകയായി ഭവിഷ്യത്തുകളെയോ, ഭയാനകമായ ചുറ്റുപാടുകളെയോ വകവയ്ക്കാതെ, പിന്മാറാതെ, യേശുവിനെ തിരഞ്ഞ മഗ്ദലക്കാരി മറിയയെപ്പോലെ യേശുവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ? അപ്പോള്‍ മറിയയെ പേരു ചൊല്ലി വിളിച്ച യേശു നിന്നെയും പേരു ചൊല്ലി വിളിക്കുമെന്ന് നീ ഓര്‍ക്കുമോ? 

യേശുവിന്‍ സാക്ഷിയായ് യേശുവിന്‍ ശബ്ദമായ്  

യേശുവിനായ് പോയിടും യേശുവിനെ ഘോഷിക്കും 

യേശുവിനായ് ജീവിച്ചിടും                                     രാവിലും...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com