അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവകൃപ രുചിച്ചറിയുകയും അത്ഭുതങ്ങള്‍ അനുഭവമാക്കുകയും ചെയ്തിട്ടുള്ള അനേകം സഹോദരങ്ങള്‍ക്ക് ദൈവാലയ ആരാധനകളിലും പരിശുദ്ധാത്മശക്തിയില്‍ നയിക്കപ്പെടുന്ന ശുശ്രൂഷകളിലും ശബ്ദമുയര്‍ത്തി പാടുവാനോ പ്രാര്‍ത്ഥിക്കുവാനോ ദൈവത്തെ സ്‌തോത്രം ചെയ്യുവാനോ കഴിയുന്നില്ല. മറ്റുള്ളവര്‍ ''എന്തു പറയും'' എന്ന് ഭയപ്പെടുന്ന ഇങ്ങനെയുള്ള സഹോദരങ്ങള്‍ക്ക് യിസ്രായേലിന്റെ രാജാവായ ദാവീദ് മഹത്തായ മാതൃകയാണ്. ഓബേദ്-എദോമിന്റെ വീട്ടില്‍നിന്ന് യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിലേക്ക് ആര്‍പ്പോടും കാഹളനാദത്തോടും കൊണ്ടുവരുമ്പോള്‍ ദാവീദ് പഞ്ഞിനൂല്‍അങ്കി ധരിച്ചുകൊണ്ട് ''പൂര്‍ണ്ണ ശക്തിയോടെ'' നൃത്തം ചെയ്യുന്നതു അവന്റെ ഭാര്യയായ മീഖള്‍ കണ്ടു. ''നിസ്സാരന്മാരില്‍ ഒരുവനെപ്പോലെ'' ദൈവത്തിനു മുമ്പില്‍ നൃത്തം ചെയ്ത യിസ്രായേല്‍രാജാവും തന്റെ ഭര്‍ത്താവുമായ ദാവീദിനോട് അവള്‍ അവജ്ഞയോടെ സംസാരിക്കുമ്പോള്‍ അവന്‍ അതു തള്ളിക്കളയുക മാത്രമല്ല, പുല്‍മാലികളില്‍ നിന്നു തന്നെ കോരിയെടുത്ത് യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരുത്തിയ തന്റെ ദൈവത്തിനു മുമ്പില്‍ വീണ്ടും നൃത്തം ചെയ്യുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്‌തോത്രങ്ങളാലും സങ്കീര്‍ത്തനങ്ങളാലും തന്റെ ശബ്ദമുയര്‍ത്തി ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ദാവീദ്, യഹോവയുടെ പെട്ടകത്തിനു മുമ്പില്‍ തന്റെ പ്രജകള്‍ കാണ്‍കെ പെരുവഴിയിലൂടെ നൃത്തം ചെയ്ത് തന്റെ ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും നന്ദിയുടെയും അഗാധത പ്രകടമാക്കി.
സഹോദരാ! സഹോദരീ! ദൈനംദിന ജീവിതത്തിലെ സംഭാഷണങ്ങളിലും, സ്‌നേഹസംവാദങ്ങളിലുമൊക്കെ ഉയര്‍ന്ന ശബ്ദത്തോടെയും ആവേശത്തോടെയും പ്രതികരിക്കുന്ന നിനക്ക്, അതേ ശബ്ദത്തില്‍, നിന്നെ ഇന്നത്തെ ''നീ'' ആക്കിത്തീര്‍ത്ത സ്‌നേഹവാനായ ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും കഴിയുന്നുണ്ടോ? അമ്മയുടെ ഉദരംമുതല്‍ ഇന്നെയോളം പോറ്റിപ്പുലര്‍ത്തിയ ദൈവത്തിന് ഹൃദയത്തിന്റെ അഗാധതയില്‍നിന്നു ശബ്ദമുയര്‍ത്തി സ്‌തോത്രം പറയുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി വൈകേണ്ട! ഈ നിമിഷംമുതല്‍ സ്‌നേഹസാഗരമായ കര്‍ത്താവിനെ നീ സ്‌തോത്രം ചെയ്യൂ! സ്‌തോത്രം... സ്‌തോത്രം.... സ്‌തോത്രം....
അനുഗ്രഹങ്ങളാല്‍ നമ്മെ വഴി നടത്തിടും
യഹോവയാം ദൈവത്തെ സ്‌തോത്രം ചെയ്തിടാം
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ പാടിടാം
ഹാലേലൂയ്യാ ഗാനം പാടി കര്‍ത്തനേ സ്തുതിച്ചിടാം. ആര്‍ത്തുപാടാം....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com