അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവകൃപ രുചിച്ചറിയുവാന്‍ കഴിയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ അസുലഭമായ ഭാഗ്യമാണ്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധികളായി അധികാരം പേറുന്നവരെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഈ ദൈവകൃപ ദാനം ചെയ്യുവാന്‍ കഴിയുകയില്ല. അത്യുന്നതനായ ദൈവത്തിനു മാത്രം നല്‍കാവുന്നതും താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രം നല്‍കുന്നതുമായ ദാനമാണ് കൃപ. ഈ വിശിഷ്ടമായ ദാനം ഒരിക്കല്‍ പ്രാപിച്ചാല്‍ അത് ആത്മീയജീവിതത്തിന്റെ അവസാന പടിയാണെന്നാണ് അനേക സഹോദരങ്ങള്‍ കരുതുന്നത്. മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുമ്പു പ്രാപിച്ച ദൈവകൃപയുടെ സാക്ഷ്യമാണ് ഇങ്ങനെയുള്ള സഹോദരങ്ങള്‍ക്ക് എപ്പോഴും പറയുവാനുള്ളത്. അനുദിനമുയരുന്ന വെല്ലുവിളികളെ നേരിടുവാനും, കര്‍ത്താവിനുവേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കുവാനും കഴിയണമെങ്കില്‍, നാം ദൈവകൃപയില്‍ വളരണം. ദൈവകൃപയില്‍ വളരുവാന്‍ കഴിയണമെങ്കില്‍ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തില്‍ നാം വളരണം. യേശുക്രിസ്തുവിനെക്കുറിച്ചോ അവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഗവേഷണം നടത്തി പരിജ്ഞാനം വര്‍ദ്ധിപ്പിക്കുകയല്ല, പ്രത്യുത കര്‍ത്താവിന്റെ സ്വഭാവത്തില്‍ നമുക്കു വളരുവാന്‍ കഴിയണം. കര്‍ത്താവിന്റെ മനസ്സു പ്രാപിച്ച്, കര്‍ത്താവിനെപ്പോലെ കാണുവാനും കേള്‍ക്കുവാനും ചിന്തിക്കുവാനും പ്രതികരിക്കുവാനും കഴിയുമ്പോഴാണ് കര്‍ത്താവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരുവാന്‍ നമുക്കു കഴിയുന്നത്. ഓരോ ദിവസവും ദൈവസ്വഭാവത്തിലേക്ക് കൂടുതലായി അലിഞ്ഞു ചേരുമ്പോള്‍ ദൈവം നമുക്ക് ദാനമായി തരുന്ന കൃപയിലും കര്‍ത്താവിന്റെ പരിജ്ഞാനത്തിലും നാം വളരുകയായി.
ദൈവത്തിന്റെ പൈതലേ! ദൈവകൃപ അനുഭവിക്കുന്നു എന്നു നീ അഭിമാനിക്കുന്നുവെങ്കില്‍ ആ കൃപയില്‍ വളരുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നീ സ്വയം പരിശോധിക്കുമോ? കര്‍ത്താവിന്റെ സ്വഭാവം നിന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ നിനക്ക് കൃപയില്‍ വളരുവാനോ ലഭിച്ച കൃപ നിലനിര്‍ത്തുവാനോ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും അനുദിനം വളരുവാന്‍ കഴിയുന്നില്ലെങ്കില്‍ നാള്‍തോറും ഏറിവരുന്ന പിശാചിന്റെ വെല്ലുവിളികളെ നേരിട്ട് വിജയം വരിക്കുവാന്‍ നിനക്ക് കഴിയുകയില്ലെന്ന് നീ ഓര്‍മ്മിക്കുമോ?
തരിക നിന്‍ കൃപ എനിക്കേശുവേ
കൃപയാല്‍ കൃപയാല്‍ നിറഞ്ഞിടുവാന്‍ ഓ...ഓ...ഓ...
മായയാകും ധനത്തെക്കാള്‍
നിന്‍ കൃപ മതിയെനിക്ക്. ഓ...ഓ...ഓ...
തരിക നിന്‍ കൃപ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com