അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 102 ദിവസം

സര്‍വ്വശക്തനായ ദൈവം നമുക്ക് സഭയിലും സമൂഹത്തിലുമൊക്കെ സമുന്നതമായ സ്ഥാനമാനങ്ങള്‍ തന്ന് അനുഗ്രഹിക്കുമ്പോള്‍ ആ പദവികളിലുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിനു പ്രസാദകരമായ വഴിയിലാണോ എന്നു ചിന്തിക്കുവാന്‍ അനേക സഹോദരങ്ങള്‍ക്കു കഴിയാറില്ല. ദൈവകൃപയോടെ ജീവിതം ആരംഭിച്ച്, വളര്‍ന്ന്, അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ദൈവത്തെ മറന്ന്, ബുദ്ധിയുടെ പ്രമാണങ്ങളില്‍ ആശ്രയിച്ച്, ദൈവകോപത്തില്‍ അധ:പതിക്കുകയും നശിച്ചുപോകുകയും ചെയ്യുന്ന സഹോദരങ്ങള്‍ അനേകരാണ്. ബാബിലോണ്‍സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ബേല്‍ശസ്സര്‍ തന്റെ രാജ്യത്തിലെ ആയിരം പ്രഭുക്കന്മാര്‍ക്ക് ഒരുക്കിയ മഹാവിരുന്നില്‍ തന്റെ പിതാമഹനായ നെബൂഖദ്‌നേസര്‍ യെരൂശലേം ദൈവാലയത്തില്‍നിന്നു പിടിച്ചെടുത്ത പൊന്‍പാത്രങ്ങളില്‍ വീഞ്ഞു കുടിച്ച്, അവനും അവന്റെ വെപ്പാട്ടികളും ആസ്വദിച്ച്, അവരുടെ വിഗ്രഹങ്ങളെ വിളിച്ചാരാധിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൈപ്പത്തി എതിരേയുള്ള ചുവരില്‍ എഴുതുന്നത് ബേല്‍ശസ്സര്‍ കണ്ടു. അത്യുന്നതനായ ദൈവത്തെ നിന്ദിച്ച് അഹന്തകൊണ്ട് അവന്റെ വിശുദ്ധമായ പാത്രങ്ങളെ അശുദ്ധമാക്കിയ ബേല്‍ശസ്സരിനെ, ആ എഴുത്തിന്റെ പൊരുള്‍ ദാനീയേല്‍ അറിയിച്ചപ്പോള്‍ അവന്‍ ഞെട്ടി. അവനെ ദൈവം തുലാസില്‍ തൂക്കി നോക്കിയെന്നും കുറവുള്ളവനായി കണ്ടതിനാല്‍ ദൈവം അവനു നല്‍കിയിരുന്ന രാജത്വത്തിന് അന്തം വരുത്തി, അവന്റെ രാജ്യം വിഭജിച്ച് മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു എന്നുമായിരുന്നു ദൈവം അവന്റെമേല്‍ നടത്തിയ വിധിയെഴുത്ത്. ശത്രുക്കള്‍ക്കു പ്രവേശിക്കുവാന്‍ കഴിയാത്ത രീതിയില്‍ അതിബലവത്തായ മതിലുകളാല്‍ ചുറ്റപ്പെട്ട ബാബിലോണില്‍ ആ രാത്രിയില്‍ മേദ്യസൈന്യം പ്രവേശിച്ചു... ബേല്‍ശസ്സര്‍ കൊല്ലപ്പെട്ടു... ബാബിലോണ്യന്‍സാമ്രാജ്യം അവസാനിച്ചു... 

                         സഹോദരാ! സഹോദരീ! ദൈവം നിനക്കു തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ നീ എങ്ങനെ ഉപയുക്തമാക്കുന്നുവെന്ന് അവന്‍ തൂക്കിനോക്കുന്ന ഒരു ദിവസം ഉണ്ടെന്നു നീ ചിന്തിക്കാറുണ്ടോ? നിന്നെ ആക്കിയിരിക്കുന്ന, നിനക്കു തന്നിരിക്കുന്ന, സ്ഥാനമാനങ്ങളിലെ നിന്റെ പ്രവൃത്തികളും അവന്‍ തൂക്കിനോക്കുമെന്ന് നീ ഇനിയുമെങ്കിലും മനസ്സിലാക്കുമോ? നീ തൂക്കത്തില്‍ കുറവുള്ളവനാണെങ്കില്‍ നിന്റെ അനുഗ്രഹങ്ങള്‍ നിന്നില്‍നിന്നെടുക്കുക മാത്രമല്ല, അതു വിഭജിച്ച് മറ്റുള്ളവര്‍ക്ക് അത്യുന്നതനായ ദൈവം നല്‍കുമെന്നുള്ളതും നീ ഓര്‍ക്കുമോ? 

പണവും പ്രതാപവും കുടുംബമഹിമകളും 

രക്ഷിക്കയില്ലെന്നോര്‍ത്തിടേണം  

രക്ഷകനേശുവേ സ്വീകരിക്കൂ വേഗം 

രക്ഷിതാവായേശു വഴി നടത്തും               ലോകത്തെ... 

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com