അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സ്‌നേഹവാനായ ദൈവം നമ്മെ കടുത്ത പരീക്ഷണങ്ങളില്‍ക്കൂടി കടത്തിവിടുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉടനടി മറുപടി ലഭിക്കാതെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നാം ആയിത്തീരാറുണ്ട്. എന്നാല്‍ തന്റെ ഓമനപ്പുത്രനെ കടത്തിവിട്ട ക്രൂരമായ ക്ലേശങ്ങളെക്കാള്‍ അധികമായി യാതൊന്നും അവന്‍ നമുക്കു തരികയില്ല. താന്‍ പിടിക്കപ്പെട്ട ആ രാത്രിയില്‍ താന്‍ തിരഞ്ഞെടുത്ത് തന്നോടൊപ്പം രാപ്പകല്‍ പ്രവര്‍ത്തിച്ച തന്റെ പ്രിയ ശിഷ്യന്മാര്‍ തന്നെ വിട്ട് ഓടിപ്പോയി.... ഒരാള്‍ മുപ്പതു വെള്ളിക്കാശിനു തന്നെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്തു.... മറ്റൊരുവന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ തന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ് തന്നെ അറിയുകയില്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുവാന്‍ പ്രാകുകയും ആണയിടുകയും ചെയ്തു.... പതിനായിരങ്ങള്‍ക്ക് സാന്ത്വനം നല്‍കിയ തിരുമുഖത്ത് പടയാളികള്‍ മുഷ്ടിചുരുട്ടി ഇടിച്ചു... തുപ്പി... മുള്ളുകൊണ്ട് മെനഞ്ഞ കിരീടം തലയില്‍വച്ച് കോല്‍കൊണ്ടടിച്ചു... മാംസം പറിച്ചെടുക്കുന്ന ചാട്ടകൊണ്ട് റോമന്‍പടയാളികള്‍ നിര്‍ദ്ദയമായി അടിച്ചു... ഒരു മനുഷ്യനു ചുമക്കുവാന്‍ കഴിയാത്ത ഭാരമേറിയ തടിക്കുരിശെടുത്ത് ഗൊല്‌ഗോഥായിലേക്കു നടന്നപ്പോള്‍ പലവട്ടം വീണു... പതിനായിരങ്ങള്‍ക്കു സൗഖ്യം കൊടുത്ത ആ കൈകളിലും പാപികളെ തേടിവന്ന ആ പാദങ്ങളിലും കൂര്‍ത്തമുനയുള്ള കാരിരുമ്പാണികള്‍ അടിച്ചിറക്കി ക്രൂശില്‍ത്തറച്ചു... മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ശരീരവും മനസ്സും തകര്‍ന്ന് ദൈവത്തിന്റെ ഓമനപ്പുത്രന്‍ ഉച്ചത്തില്‍ നിലവിളിച്ചു ''എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?'' ആ നിലവിളിക്കുമുമ്പില്‍ പിതാവാം ദൈവത്തിനു മൗനമായിരിക്കുവാന്‍ കഴിഞ്ഞില്ല. യേശു പ്രാണനെ വിട്ടപ്പോള്‍ ദേശത്തെല്ലാം ഇരുട്ടുണ്ടായി... ദൈവാലയത്തിന്റെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി ചീന്തിപ്പോയി.
ദൈവപൈതലേ! എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ യാതനയുടെയും വേദനയുടെയും നടുവിലൂടെയാണ് നീ കടന്നുപോകുന്നതെങ്കില്‍, ഈ അവസരത്തില്‍ ക്രൂശിക്കപ്പെട്ട കര്‍ത്താവിനെ നീ നോക്കുമോ? അവനെ നോക്കി നിലവിളിക്കുമ്പോള്‍ അവന്‍ നിന്നെ കോരിയെടുക്കുമെന്ന് നീ ഓര്‍ക്കുമോ? എന്തെന്നാല്‍ അതിലുപരിയായ കഷ്ടങ്ങളിലൂടെയാണ് അവന്‍ കടന്നുപോയതെന്ന് നീ മനസ്സിലാക്കുമോ?
സ്വജീവന്‍ നല്കിയെന്‍ ജീവനെ
വീണ്ടെടുത്ത യേശുവേ എന്‍ യേശുവേ
നാള്‍തോറും എന്‍ ജീവനെ
കാത്തിടുമെന്‍ രക്ഷകന്‍ നീ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com