അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 96 ദിവസം

അതിവേദനയോടെ ശരീരവും മനസ്സും തകര്‍ന്നവനായി കുരിശില്‍ തന്റെ അവസാന നിമിഷങ്ങള്‍ തള്ളിവിടുമ്പോഴും, ചെയ്ത പാപങ്ങളെക്കുറിച്ച് അനുതപിക്കുന്ന ദുഷ്പ്രവൃത്തിക്കാരനോട് ''ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കുമെന്ന്'' അരുളിച്ചെയ്യുന്ന കര്‍ത്താവ് പാപിയുടെ മാനസാന്തരത്തിനായി താന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ''ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആകുന്നുവെങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ'' എന്നു പ്രധാനികളും അവനെ പരിഹസിച്ചപ്പോള്‍, കുരിശിന്റെ ചുവട്ടില്‍ നിന്ന പടയാളികള്‍ പരിഹാസത്തോടെ പുളിച്ചവീഞ്ഞ് കാണിച്ച് ''നീ യെഹൂദന്മാരുടെ രാജാവാകുന്നുവെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക'' എന്നാണു പറഞ്ഞത്. തന്നോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് ദുഷ്പ്രവൃത്തിക്കാരില്‍ ഒരുവന്‍ ''നീ ക്രിസ്തു അല്ലയോ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക'' എന്നാണ് അവനെ ദുഷിച്ചത്. തന്നോടൊപ്പം ക്രൂശിക്കപ്പെട്ട ദുഷ്പ്രവൃത്തിക്കാരില്‍ അപരന്‍ ''സമശിക്ഷാവിധിയില്‍ത്തന്നെ ആയിരുന്നിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായി ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിനു യോഗ്യമായതല്ലോ ലഭിക്കുന്നത്. ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല'' എന്നു പറഞ്ഞ് ''യേശുവേ നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളണമേ'' എന്നപേക്ഷിച്ചപ്പോള്‍ അതുവരെയും മൗനമായിരുന്ന കര്‍ത്താവ് അവനോട് ''ഇന്നു നീ എന്നോടുകൂടെ പറുദീസയിലിരിക്കും'' എന്നരുളിച്ചെയ്തു. കര്‍ത്താവ് അരുതാത്തത് ഒന്നും ചെയ്തിട്ടില്ലെന്ന് ആ അന്ത്യനാഴികകളില്‍ പറയുമ്പോള്‍, ദുഷ്പ്രവൃത്തിക്കാരനായിരുന്നെങ്കിലും അവന്‍ കര്‍ത്താവിനെ എത്രമാത്രം മനസ്സിലാക്കിയിരുന്നുവെന്ന് വ്യക്തമാകുന്നു. 

                         സഹോദരാ! സഹോദരീ! അതികഠിനമായ വേദനയോടെ ക്രൂശില്‍ കിടക്കുമ്പോഴും കര്‍ത്താവിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്ത ദുഷ്പ്രവൃത്തിക്കാരനെപ്പോലെ, നിന്റെ യാതനകളുടെയും വേദനകളുടെയും നടുവിലും നീ കര്‍ത്താവിനെയും അവന്റെ ദാസന്മാരെയും ശുശ്രൂഷകളെയും പരിഹസിക്കുകയും പഴിചാരുകയും ചെയ്യാറുണ്ടോ? എന്നാല്‍ തന്നോട് നിലവിളിച്ച മറ്റേ ദുഷ്പ്രവൃത്തിക്കാരനെ തന്റെ അതിവേദനയുടെ നടുവില്‍ തന്നോടു ചേര്‍ത്ത കര്‍ത്താവ് നിനക്കായി കാത്തുനില്‍ക്കുന്നു! ഈ അവസരത്തില്‍ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ആണിയേറ്റ അവന്റെ പാദാരവിന്ദങ്ങളിലേക്കു വീഴുവാന്‍ നിനക്കു കഴിയുമോ? യേശു നിന്നെ രക്ഷിക്കും! 

ലോകത്തിലിതുപോലൊരു രക്ഷകന്‍ 

യേശു മാത്രം എന്നേശു മാത്രം 

യേശുവല്ലാതൊരു ദൈവവുമില്ല - ആമേന്‍              മാറുകില്ല...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com