അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 95 ദിവസം

കര്‍ത്താവ് ചെയ്യുന്ന ഉപകാരങ്ങളെ ശുശ്രൂഷാമദ്ധ്യേ വര്‍ണ്ണിക്കുവാനും, കൂട്ടുവിശ്വാസികളോട് വിവരിക്കുവാനും നാം എപ്പോഴും ആവേശം കാണിക്കാറുണ്ട്. അനുദിന ജീവിതത്തില്‍ കര്‍ത്താവിനെ രുചിച്ചറിയുന്നു എന്നും കര്‍ത്താവ് സകലത്തിനും മതിയായവനാണെന്നും നമ്മോടൊപ്പം അതേ അനുഭവം പങ്കിടുന്നവരോടു സാക്ഷിക്കുവാന്‍ നമുക്കു മടിയോ ലജ്ജയോ ഇല്ല. എന്നാല്‍ സ്വന്തം സഹോദരങ്ങളോടോ, ഇടവകാംഗങ്ങളോടോ, കര്‍ത്താവിനെക്കുറിച്ചു സാക്ഷിക്കുവാനോ കര്‍ത്താവ് അനുദിനം നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിവരിക്കുവാനോ അനേകര്‍ക്ക് കഴിയാറില്ലെന്ന് മാത്രമല്ല, അങ്ങനെയുള്ള അവസരങ്ങളെ അവര്‍ മന:പൂര്‍വ്വം ഒഴിവാക്കുകയും ചെയ്യും. കര്‍ത്താവിനെ തള്ളിപ്പറഞ്ഞ പത്രൊസിനെ ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ, അവന്റെ ഭീരുത്വത്തെക്കുറിച്ചും അവന്‍ കര്‍ത്താവിനോടു കാണിച്ച അവിശ്വസ്തതയെക്കുറിച്ചും നാം കടുത്ത അമര്‍ഷം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ കര്‍ത്താവിന്റെ പിന്നാലെ കയ്യഫാവിന്റെ അരമനയോളം ചെല്ലുവാന്‍ ശിഷ്യന്മാരില്‍ അവനു മാത്രമാണ് കഴിഞ്ഞത്, പതിനായിരക്കണക്കിന് ജനത്തിന് സൗഖ്യം നല്‍കിയ, അനേകരെ ഉയിര്‍പ്പിച്ച, മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച കര്‍ത്താവിനെ മുഷ്ടി ചുരുട്ടി ഇടിക്കുന്നതും മുഖത്തു തുപ്പുന്നതും കണ്ട പത്രൊസ്, ആ സാഹചര്യത്തില്‍ താന്‍ കര്‍ത്താവിന്റെ ശിഷ്യനാണെന്നു സമ്മതിച്ചാല്‍, താനും കൊല്ലപ്പെടുമെന്നു ഭയന്നാണ് ''മനുഷ്യാ, നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല'' എന്നു പറയുന്നത്. എന്നാല്‍ അതേ പത്രൊസ് പരിശുദ്ധാത്മശക്തി പ്രാപിച്ചപ്പോള്‍ പതിനായിരങ്ങളെ യേശുവിനുവേണ്ടി നേടി യേശുവിനുവേണ്ടി ജീവന്‍വച്ചു. 

                     ദൈവപൈതലേ! തന്റെ ജീവന്‍ അപകടത്തിലാണെന്ന് ബോദ്ധ്യമായപ്പോള്‍ കര്‍ത്താവിനെ തള്ളിപ്പറഞ്ഞ പത്രൊസിനെ കുറ്റപ്പെടുത്തുന്ന നിനക്ക്, നിന്റെ ബന്ധുമിത്രാദികളോട്, നീ ആയിരിക്കുന്ന ക്രൈസ്തവ സമൂഹത്തിലെ സഹോദരങ്ങളോട് പരസ്യമായി യേശുവിനെക്കുറിച്ചു സാക്ഷിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, നീ പത്രൊസിനെക്കാള്‍ ഉപരിയായി യേശുവിനെ തള്ളിപ്പറയുന്നുവെന്ന് ഓര്‍ക്കുമോ? എന്തെന്നാല്‍ പത്രൊസ്, പരിശുദ്ധാത്മശക്തി പ്രാപിച്ചശേഷം ഒരിക്കലും കര്‍ത്താവിനെ തള്ളിപ്പറഞ്ഞില്ല. പക്ഷേ പരിശുദ്ധാത്മാവ് പ്രാപിച്ച നീ മൗനമായിരിക്കുമ്പോള്‍ നിന്നെ വഴിനടത്തുന്ന കര്‍ത്താവിനെ നീ തള്ളിപ്പറയുകയാണെന്ന് ഓര്‍ക്കുമോ? 

സ്‌നേഹമേറും സോദരങ്ങള്‍ ആത്മീയരും 

ഏകനാം ഏഴയെ തള്ളിയപ്പോള്‍ 

വിശ്വസ്തനാം യേശു തന്‍ പൊന്‍കരങ്ങളാല്‍ 

മാറോടണച്ചു എന്നെ തന്റെ സ്‌നേഹത്താല്‍                        യേശുമാത്രം....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com