അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 94 ദിവസം

സ്‌നേഹവാനായ ദൈവത്തില്‍നിന്ന് അനവരതമായ അനുഗ്രഹങ്ങള്‍ പ്രാപിച്ച് ജീവിതയാത്രയില്‍ മുമ്പോട്ടു പോകുന്ന ഒരു ദൈവപൈതലിന് കൂട്ടുവേലക്കാരും വിശ്വാസികളുമായി അനേകര്‍ സ്‌നേഹിതരായി ഉണ്ടാവും. എന്നാല്‍ പരീക്ഷണങ്ങളുടെയും കഷ്ടനഷ്ടങ്ങളുടെയും നിമിഷങ്ങളില്‍ സ്‌നേഹിതരും കൂട്ടുവേലക്കാരുമായ സഹോദരങ്ങള്‍ ഓരോ കാരണം പറഞ്ഞ് ഓടിയൊളിക്കുന്നത് സാധാരണമാണ്. താന്‍ പിടിക്കപ്പെടുമ്പോള്‍ തന്റെ ശിഷ്യന്മാര്‍ ഓടിപ്പോകുമെന്ന് കര്‍ത്താവിനറിയാമായിരുന്നു. ''ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും'' (മര്‍ക്കൊസ് 14 : 27) എന്ന തിരുവെഴുത്ത് കര്‍ത്താവ് തന്റെ ശിഷ്യന്മാരെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തടവിലാകേണ്ടിവന്നാലും മരിക്കേണ്ടിവന്നാലും കര്‍ത്താവിനെ തള്ളിപ്പറയുകയില്ലെന്ന് പത്രൊസിനൊടൊപ്പം ശിഷ്യന്മാരെല്ലാവരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉറപ്പു നല്‍കിയിരുന്നതാണ്. അവരിലൊരുവന്‍ തന്നെ ഒറ്റിക്കൊടുക്കുമെന്നും മറ്റൊരുവന്‍ കോഴി കൂകുന്നതിന് മുമ്പു മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറയുമെന്നും കര്‍ത്താവ് അവരോടു പറഞ്ഞപ്പോള്‍ അവര്‍ക്ക് അതു വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു. എന്നാല്‍ തങ്ങളിലൊരുവനായ യൂദായുടെ നേതൃത്വത്തില്‍ ഒരു ജനക്കൂട്ടം വാളുകളും വടികളുമായി കര്‍ത്താവിനെ പിടിച്ചപ്പോള്‍, ചെറുത്തു നില്‍ക്കുവാന്‍ ശ്രമിക്കാതെ പിടികൊടുത്ത കര്‍ത്താവിന്റെ പിന്നാലെ പോകുകയാണെങ്കില്‍, തങ്ങളുടെ ജീവനും അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. യാഥാര്‍ത്ഥ്യങ്ങളുടെ മുഖത്ത്, തങ്ങളുടെ ജീവന്‍ അപകടത്തിലായപ്പോള്‍, സ്വയം രക്ഷയ്ക്കായി കര്‍ത്താവിനോടുള്ള വാഗ്ദത്തവും സ്‌നേഹവും കടപ്പാടും മറന്ന് കര്‍ത്താവിനെ ഉപേക്ഷിച്ച് അവര്‍ ഓടി ഒളിച്ചു. 

                           ദൈവപൈതലേ! ജീവിതത്തിന്റെ ചില ഇടുങ്ങിയ ഇടനാഴികളില്‍ നിന്നെ ലോകം പഴിക്കുമ്പോള്‍, നിന്നെ ഒറ്റപ്പെടുത്തുമ്പോള്‍, എല്ലാവരും നിന്നെ വിട്ട് ഓടിപ്പോകുമ്പോള്‍, നമ്മുടെ അരുമനാഥന്‍ കടന്നുപോയ പാതയാണിതെന്ന് നീ ഓര്‍ക്കുമോ? നിന്റെ ആത്മീയ ജീവിതം ചോദ്യം ചെയ്യപ്പെടുന്ന അത്തരം സന്ദര്‍ഭങ്ങളില്‍, നിന്നോടൊപ്പം താന്‍ അത്യധികം സ്‌നേഹിച്ചിരുന്ന സ്വര്‍ഗ്ഗീയ നന്മകളനുഭവിച്ച സഹോദരങ്ങള്‍പോലും നിന്നെ ഏകാകിയാക്കി വിട്ട് ഓടിപ്പോകുമ്പോള്‍, നിരാശപ്പെടാതെ ശിഷ്യന്മാര്‍ തള്ളിപ്പറയുകയും, തന്നെ ഉപേക്ഷിച്ച് ഓടിപ്പോകുകയും ചെയ്ത യേശുവിന്റെ അനുഭവം നീ ഓര്‍ക്കുമോ? യേശുവിനെ നീ നോക്കുമോ? 

പ്രിയമായവര്‍ പിരിഞ്ഞാലും 

തളരാതെയെന്‍ മനമേ 

പിരിയാസഖി യേശുവേ സ്തുതി 

ദിനവും എന്‍ മനമേ.                     സ്തുതി....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com