അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവ് തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനെ അനുസ്മരിച്ച് ചില ക്രൈസ്തവ സഭകളില്‍ ''കാല്‍ കഴുകല്‍ ശുശ്രൂഷ'' നടത്തപ്പെടുന്നു. എന്നാല്‍ കര്‍ത്താവ് തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകുവാനുണ്ടായ സാഹചര്യം നാം വിസ്മരിച്ചുപോകാറുണ്ട്. പലസ്തീന്‍നാട്ടിലെ അന്നത്തെ വഴിത്താരകള്‍, ചവിട്ടുമ്പോള്‍ താഴ്ന്നുപോകുന്ന പൂഴിമണ്ണും ചെളിയും നിറഞ്ഞതായിരുന്നു. അതുകൊണ്ടു പുറത്തുനിന്നു വരുന്ന അതിഥികളെ ആതിഥേയന്റെ ഭവനത്തിലെ ദാസന്‍ കാലുകള്‍ കഴുകി സ്വീകരിക്കുന്ന പതിവ് നിലനിന്നിരുന്നു. കര്‍ത്താവ് ശിഷ്യന്മാരുമായി പെസഹ ഭക്ഷിക്കുവാന്‍ കടന്നുചെന്നപ്പോള്‍ അവരുടെ കാലുകള്‍ കഴുകുവാന്‍ ആരും ഉണ്ടായിരുന്നില്ല. അവര്‍ കര്‍ത്താവിന്റെ കാലുകള്‍ കഴുകുവാനും കൂട്ടാക്കിയില്ല. അവരില്‍ ഒരുവന്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് കര്‍ത്താവ് പറഞ്ഞ ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിച്ച ശിഷ്യന്മാര്‍ അതു കഴിഞ്ഞ് ''തങ്ങളില്‍ ആരെയാണ് വലിയവനായി എണ്ണേണ്ടത്'' (ലൂക്കൊസ് 22 : 24) എന്നു തമ്മില്‍ തമ്മില്‍ തര്‍ക്കിക്കുകയുണ്ടായി. ആ സാഹചര്യത്തില്‍ മറുപടിയൊന്നും പറയാതെ ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന് കര്‍ത്താവ് ശിഷ്യന്മാരുടെ ചെളി പുരണ്ട കാലുകള്‍ കഴുകി തുവര്‍ത്തിയശേഷം ''കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാലുകള്‍ കഴുകിയെങ്കില്‍ നിങ്ങളും അന്യോന്യം കാലുകള്‍ കഴുകേണ്ടതാകുന്നു'' എന്ന് ശിഷ്യന്മാരോട് അരുളിച്ചെയ്യുന്ന കര്‍ത്താവ് ''ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യണം'' എന്ന് അവരോടു കല്പിക്കുന്നു. വലിയവനാകുവാനുള്ള മോഹത്താല്‍ ശിഷ്യന്മാര്‍ പരസ്പരം കുതികാല്‍ വെട്ടിയും കാലുവാരിയും പിശാചിന്റെ കെണിയില്‍ വീഴാതെയിരിക്കുവാനാണ്, സൗമ്യതയുടെയും വിനയത്തിന്റെയും എളിമയുടെയും പ്രവൃത്തികളിലൂടെ തങ്ങളെക്കാള്‍ ശ്രേഷ്ഠത മറ്റുള്ളവര്‍ക്കു നല്‍കി തന്റെ സ്‌നേഹത്തിന്റെ സാക്ഷികളാകുവാനാണ്, ''ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം'' എന്ന് കര്‍ത്താവ് കല്പിക്കുന്നത്.
ദൈവത്തിന്റെ പൈതലേ! പലസ്തീന്‍നാട്ടിലെ അന്നത്തെ വഴിത്താരകള്‍പോലെ മണ്ണും ചെളിയും നിറഞ്ഞ വഴിത്താരകള്‍ ഇന്നില്ലാത്തതുകൊണ്ടു പരസ്പരം കാലുകള്‍ കഴുകേണ്ട കാര്യമില്ലെന്ന് നീ പറഞ്ഞേക്കാം! പക്ഷേ കര്‍ത്താവിന്റെ സഭയില്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നീ മോഹിക്കുമ്പോഴും, കുതികാല്‍ വെട്ടുമ്പോഴും നീ കര്‍ത്താവിന്റെ സഭയില്‍ വലിയവനാകുവാന്‍ തര്‍ക്കവിതര്‍ക്കങ്ങളാല്‍ കലഹങ്ങള്‍ സൃഷ്ടിക്കുമ്പോഴും, തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ കര്‍ത്താവിന്റെ സൗമ്യതയും താഴ്മയും നിന്നില്‍ ഇല്ലെന്ന് ഈ അവസരത്തില്‍ നീ മനസ്സിലാക്കുമോ?
സഹനത്തിന്‍ സാഗരമേ
സൗമ്യതയിന്‍ പ്രവാഹമേ
യേശുവേ നിന്നാത്മാവാല്‍
നിറയ്ക്കണമേഴയേ ആത്മാവാല്‍....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com